പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 11 പദ്ധതികള്‍ക്ക് തുടക്കം; ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കും -മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ പരിശ്രമമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിര്‍മിച്ച പുതിയ ഒ.പി. ബ്ലോക്ക് ഉള്‍പ്പടെയുള്ള 11 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ മുതല്‍ താഴെ തലംവരെ എത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഈ മാറ്റത്തിന്റെ ഭാഗമാണ്. കൊല്ലത്തെ ജനങ്ങളുടെ സ്വപ്നമായിരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഇന്ന് എല്ലാവരുടെയും കണ്‍മുന്നില്‍ മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

മെഡിക്കല്‍ കോളേജിന്റെ ഭാവി എന്താകുമെന്ന ആശങ്ക ഉയര്‍ത്തിയവര്‍ക്ക് മുന്നില്‍ സ്ഥാപനം എല്ലാ പ്രൗഢിയോടെയും ഉയര്‍ന്നു നില്‍ക്കുന്നു.

സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരു മെഡിക്കല്‍ കോളേജായി മാറാനുള്ള സൗകര്യങ്ങള്‍ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. ഒരു ഇ.എസ്.ഐ ഡിസ്‌പെന്‍സറി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.

300 കിടക്കകളുള്ള ആശുപത്രി ആരംഭിക്കുകയും സ്ഥാപനത്തിനായി 600 ലേറെ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടാണ് മെഡിക്കല്‍ കോളേജിന്റെ മുന്നേറ്റത്തിന് സര്‍ക്കാര്‍ വഴിയൊരുക്കിയത്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 4265 പുതിയ തസ്തികകളാണ് ആരോഗ്യ മേഖലയില്‍ അനുവദിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ സര്‍വകാല റെക്കോഡാണിത്.

ഓങ്കോളജി വിഭാഗത്തില്‍ 105 തസ്തികകളാണ് വിവിധ മെഡിക്കല്‍ കോളേജുകളിലായി സൃഷ്ടിച്ചത്. ഇതോടെ ആര്‍.സി.സി യുടെ നിലവാരത്തില്‍ കാന്‍സര്‍ ചികിത്സയ്ക്കുള്ള സൗകര്യമാണ് ഇവിടങ്ങളില്‍ ഉണ്ടായത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജിനെയും കാന്‍സര്‍ ചികിത്സാരംഗത്ത് ഈ നിലവാരത്തിലേക്ക് ഉയര്‍ത്തും.

170 പി.എച്ച്.സി കളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി 830 തസ്തികകളും പുതുതായി അനുവദിച്ചു. ഒരു ഡോക്ടര്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍ എന്നിവരുടെ സേവനമാണ് ഇങ്ങനെ ഉറപ്പുവരുത്തിയിട്ടുള്ളത്.

ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബുകള്‍ സ്ഥാപിതമായതോടെ ആന്‍ജിയോപ്ലാസ്റ്റിയടക്കം ചെയ്യുന്നതിനും കൊറോണറി കെയര്‍ യൂണിറ്റ് സംവിധാനം മികവുറ്റ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും കഴിയുന്നു.

പ്രതിദിന പ്രതിരോധ പരിപാടിയിലൂടെ കേരളത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്ന പകര്‍ച്ചവ്യാധികളെ നിയന്ത്രണ വിധേയമാക്കാനും കഴിഞ്ഞു. ആയൂര്‍ദൈര്‍ഘ്യം, ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് തുടങ്ങിയ സൂചകങ്ങളില്‍ കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിക്കാനായിട്ടുള്ളത്.

ആരോഗ്യ മേഖലയിലെ കേന്ദ്ര വിഹിതം സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ലെന്നും വിഹിതം വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സി.ടി. സ്‌കാനര്‍, അള്‍ട്രാ സൗണ്ട് സ്‌കാനര്‍, എക്‌സ്‌റേ യൂണിറ്റുകള്‍, ഗൈനക്കോളജി അത്യാഹിത വിഭാഗം, വിവിധ ഐ.സി.യു കള്‍, ആധുനിക ജീവന്‍രക്ഷാ ഉപകരണങ്ങള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍, മോര്‍ച്ചറി, ജിംനേഷ്യം തുടങ്ങിയവയും മന്ത്രി ഉദ്ഘാടനം ചെയ്തു.

ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, മുന്‍ എം.പി കെ.എന്‍. ബാലഗോപാല്‍, സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എസ്. സുദേവന്‍,

കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ജനപ്രതിനിധികളായ എസ്. ലൈല, സി. അംബികാകുമാരി, വി. ജയപ്രകാശ്, പ്രൊഫ. വി.എസ്. ലീ, ജെ. ജോയിക്കുട്ടി, സിന്ധുഅനി, എല്‍. ശാന്തിനി, മെഡിക്കല്‍

വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറാ വര്‍ഗ്ഗീസ്, ഡോ. അജിത നായര്‍, ഡോ. കെ.എം. അജയകുമാര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.വി. ശരവണകുമാര്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News