അധിക സീറ്റില്‍ ഉറച്ച് കേരളാ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും; യുഡിഎഫിന്‍റെ ഉഭയകക്ഷി ചര്‍ച്ച ഇന്ന്

ലോക സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു ഡി എഫിന്‍റെ ഉഭയ കക്ഷി ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും.അധിക സീറ്റ് വേണമെന്ന ആ‍‍വശ്യത്തില്‍ കേരളാ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ഉറച്ചു നില്‍ക്കുന്നതിനാല്‍ ഇന്നത്തെ ചര്‍ച്ചയില്‍ സമവായ സാധ്യത വിരളമാണ്.

മുസ്ലീം ലീഗ് വിട്ടുവീ‍ഴ്ച്ചക്ക് തയ്യാറായേക്കുമെങ്കിലും കേരള കോണ്‍ഗ്രസ്സ് രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ അധിക സീറ്റ് നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ്സിന്‍റെ നിലപാട്.

ലോക സഭാ തെരഞ്ഞെടുപ്പ് തിയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധിക സീറ്റിന് അവകാശ വാദമുന്നയിച്ചുള്ള ചര്‍ച്ചകള്‍ യു ഡി എഫില്‍ വളരെ നേരത്തെതന്നെ തുടങ്ങിയിരുന്നു.

കേരള കോണ്‍ഗ്രസ്സും മുസ്ലിം ലീഗുമാണ് അവകാശ വാദവുമായി ആദ്യം രംഗത്തെത്തിയവര്‍.കോട്ടയത്തിനു പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് കേരളകോണ്‍ഗ്രസ്സിന്‍റെ ആവശ്യം.

മുസ്ലിം ലീഗാകട്ടെ തങ്ങള്‍ക്ക് മൂന്നാം സീറ്റിന് അര്‍ഹതയുണ്ടെന്നും യു ഡി എഫിനെ അറിയിച്ചുക‍ഴിഞ്ഞു.ഇതിനിടെ കേരള കോണ്‍ഗ്രസ്സ് ജേക്കബ് വിഭാഗത്തിനും ഒരു സീറ്റ് നല്‍കണമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ ശക്തമായി ഉന്നയിക്കുമെന്ന് അനൂപ് ജേക്കബും വ്യക്തമാക്കിയിരുന്നു.

അധിക സീറ്റെന്ന ആവശ്യത്തില്‍ മുസ്ലീം ലീഗ് വിട്ടുവീ‍ഴ്ച്ചക്ക് തയ്യാറായേക്കുമെങ്കിലും കേരള കോണ്‍ഗ്രസ്സില്‍ നിന്ന് അത് പ്രതീക്ഷിക്കേണ്ടതില്ലെന്ന സൂചനയാണ് പി ജെ ജോസഫ് ക‍ഴിഞ്ഞ ദിവസം നല്‍കിയത്.എന്നാല്‍ ഇപ്പോ‍ഴത്തെ സാഹചര്യത്തില്‍ അധിക സീറ്റ് നല്‍കുന്നത് പ്രായോഗികമാവില്ലെന്നാണ് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍റെ നിലപാട്.

കോണ്‍ഗ്രസ്സ് കൂടുതല്‍ സീറ്റില്‍ വിജയിക്കുക എന്നതാണ് ദേശീയതലത്തില്‍ ഇപ്പോള്‍ പ്രാധാന്യമെന്നും ഘടക കക്ഷികള്‍ അത് തിരിച്ചറിയാനുള്ള വിവേകം കാണിക്കുമെന്നും ബെന്നി ബെഹനാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

ക‍ഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജിച്ച രീതി ഇത്തവണയും ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ്സ് മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം .എന്നാല്‍ ഈ തീരുമാനം കേരള കോണ്‍ഗ്രസ്സ് തള്ളുന്നതോടെ ഇന്നത്തെ ഉഭയ കക്ഷി ചര്‍ച്ച പേരിന് മാത്രമാകും.

രാവിലെ 10 മണിക്ക് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലാണ് ഉഭയ കക്ഷി ചര്‍ച്ചകള്‍ തുടങ്ങുക.രാവിലെ കേരള കോണ്‍ഗ്രസ്സ്,മുസ്ലീം ലീഗ് എന്നിവരുമായും ഉച്ചക്ക് ശേഷം ജേക്കബ് ഗ്രൂപ്പുമായാണ് ചര്‍ച്ച സംഘടിപ്പിച്ചിരിക്കുന്നത്.സീറ്റ് വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ കോണ്‍ഗ്രസ്സിന്‍റെ സ്ഥാനാര്‍ഥി പട്ടികയും വൈകുകയാണ്.

ഘടക കക്ഷികളുടെ പ്രശ്നം പരിഹരിച്ചാലും കോണ്‍ഗ്രസ്സിനെ കാത്തിരിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധികളാണ്.കോണ്‍ഗ്രസ്സിന് വീതംവെച്ചു കിട്ടുന്ന സീറ്റുകളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സും മഹിളാ കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടു ക‍ഴിഞ്ഞിട്ടുണ്ട്.

ഇതിനിടെ മത്സരത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറാകാതെ സിറ്റിംഗ് എം പിമാരും കച്ച കെട്ടിയിറങ്ങിയിട്ടുണ്ട്. ചുരുക്കത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകള്‍ ഒരു വിധത്തില്‍ പൂര്‍ത്തിയാക്കിയാലും കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് നാളുകള്‍വരെ തുടരുമെന്ന് ഉറപ്പായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel