അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ; മുംബൈ അതീവ ജാഗ്രതയില്‍

മുംബൈ : ഇന്ത്യ പാക് അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നഗരത്തിലെ വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ കൂടാതെ പ്രധാന പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി.

പ്രതിദിനം 70 ലക്ഷത്തോളം പേരാണ് നഗരത്തിലെ ലോക്കല്‍ ട്രെയിന്‍ സേവനത്തെ മാത്രം ആശ്രയിക്കുന്നത്. പല ഭാഷക്കാരും പ്രായക്കാരുമായി വിവിധ സ്റ്റേഷനുകളില്‍ നിന്നും കയറി ഇറങ്ങുന്ന യാത്രക്കാരെല്ലാം സൂക്ഷ്മ നിരീക്ഷണത്തിലാണ്.

മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി തിരക്കേറിയ സമയങ്ങളിലെല്ലാം കോമ്പിങ് ഓപ്പറേഷനും നടത്തുന്നുണ്ട്. കൂടാതെ ഓരോ സ്റ്റേഷനുകളിലെയും സി സി ടി വി ദൃശ്യങ്ങള്‍ തത്സമയം പരിശോധിച്ച് യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള മോക്ക് ഡ്രില്ലുകളും പതിവാക്കി. ദീര്‍ഘ ദൂര ട്രെയിനുകളില്‍ ബോംബ് സ്‌ക്വാഡുകള്‍ പരിശോധന കര്‍ശനമാക്കി. സംശയാസ്പദമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സുരക്ഷാ ഏജന്‍സികളുമായി ബന്ധപ്പെടാനുള്ള നിര്‍ദ്ദേശങ്ങളും യാത്രക്കാര്‍ക്കു നല്‍കിയാണ് മുന്‍കരുതലുകള്‍ എടുത്തിരിക്കുന്നത്.

കനത്ത ജാഗ്രതയോടെയാണ് പോലീസ് സേനയും നഗരത്തിലെ സുരക്ഷ ഉറപ്പാക്കുന്നത്. ബസ് സ്റ്റോപ്പുകള്‍ കൂടാതെ പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, സിനിമാ തീയേറ്ററുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.

നിരവധി ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷിയായിട്ടുള്ള നഗരത്തിലെ ഭൂരിഭാഗം ജനങ്ങളും സമാധാനം കാംക്ഷിക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്. ജീവിതത്തില്‍ പ്രായോഗിക പരിചയം കൂടുതലുള്ള വിഭാഗമായ മുംബൈ വാസികളുടെ വീക്ഷണങ്ങള്‍ അത് കൊണ്ട് തന്നെ ശ്രദ്ധേയമാണ്.

നഗരത്തിലെ സമൂഹ മാധ്യമങ്ങളില്‍ നടന്ന് വരുന്ന ചര്‍ച്ചകളിലും ചെറിയൊരു വിഭാഗം മാത്രമാണ് യുദ്ധത്തെ അനുകൂലിക്കുന്നവര്‍. വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്ഥാന്‍ കസ്റ്റഡിയിലായ വാര്‍ത്ത പുറത്ത് വന്നതോടെ പല ചര്‍ച്ചകളും വൈകാരികതയോടൊപ്പം തന്നെ ഗൗരവപരമായി മാറുന്നുണ്ടായിരുന്നു.

പുല്‍വാമയിലെ സുരക്ഷാ പാളിച്ചകളും ഇന്റലിജന്‍സ് പരാജയവുമെല്ലാം വിഷയമായപ്പോള്‍ യുദ്ധാന്തരീക്ഷം ഉണ്ടാകുവാനുള്ള കാരണം വിശകലനം ചെയ്യേണ്ടതാണെന്നും ചിലര്‍ വാദിച്ചു. ബന്ധപ്പെട്ട മന്ത്രിമാരുടെ മൗനവും മുംബൈയിലെ പ്രധാന മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് , പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങിയവരാരും തന്നെ പത്രസമ്മേളനത്തിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കുന്നതില്‍ വിമുഖത കാട്ടിയെന്നും ഇവരെല്ലാം രാഷ്ട്രീയ ചടങ്ങുകളില്‍ വീരവാദങ്ങള്‍ മുഴക്കുന്ന തിരക്കിലായിരുന്നുവെന്നും മാധ്യമങ്ങള്‍ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News