സുവാരസിന് ഡബിള്‍; റയലിനെ തകര്‍ത്ത് ബാ‍ഴ്സലോണ ഫൈനലില്‍

സുവാരസിന്‍റെ ഇരട്ട ഗോളില്‍ റയല്‍ മാഡ്രിഡിനെ നിഷ്പ്രഭമാക്കി ബാ‍ഴ്സലോണ കിങ്സ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ കടന്നു.

ആദ്യപാദ മത്സരത്തില്‍ നേടിയ എവേ ഗോളിന്‍റെ ആനുകൂല്യത്തില്‍ സമനില നേടിയാല്‍ പോലും ഫൈനലിലെത്തുമായിരുന്ന റയലിനെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാ‍ഴ്സ തകര്‍ത്തത്.

ഇരു പാദങ്ങളിലുമായി 4-1 എന്ന സ്കോറിനാണ് ബാഴ്സയുടെ വിജയം. തുടർച്ചയായി ആറാം തവണയാണ് കാറ്റലൻമാർ കലാശപ്പോരിനെത്തുന്നത്.

യുവതാരം വിനീഷ്യസിന്‍റെ ഉജ്വല ഫോമില്‍ ബാഴ്‌സലോണയുടെ പോസ്റ്റില്‍ 14 തവണ ലക്ഷ്യം വെച്ചെങ്കിലും ഒരിക്കല്‍ പോലും റയലിന് പന്ത് വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒസ്മാനേ ഡെംബലേയുടെ പാസ് സുവാരസ് ലക്ഷ്യത്തില്‍ എത്തിച്ചതോടെ ബാ‍ഴ്സലോണ ഫുള്‍ ഫോമിലായി.

69ാം മിനിറ്റില്‍ വീണ്ടും ഗോള്‍ നേടാനുള്ള സുവാരസിന്‍റെ നീക്കം തടയുന്നതിനിടെ റയല്‍താരം വരാനേ തന്നെ സ്വന്തം വലയില്‍ പന്തെത്തിക്കുകയായിരുന്നു.

മൂന്ന് മിനിറ്റിന് ശേഷം സുവാരസിനെ കാസിമിറോ ഫൗള്‍ ചെയ്തതിന് റയലിന് വീണ്ടും ശിക്ഷ കിട്ടി. ഇത്തവണ സുവാരസിന്‍റെ പനേങ്കാ കിക്ക് റയല്‍ കീപ്പറെ മറികടന്നു.

ഇരട്ട ഗോളോടെ എല്‍ ക്‌ളാസ്സിക്കോയില്‍ സുവാരസ് പത്തു ഗോള്‍ തികച്ചു. ഒക്‌ടോബറിലും സുവാരസിന്‍റെ മിന്നുന്ന ഫോമില്‍ ബാഴ്‌സ റയലിനെ കീഴടക്കിയിരുന്നു.

അന്ന് 5-1 നായിരുന്നു മത്സരം ബാഴ്‌സ നേടിയത്.സ്പാനിഷ് ലാ ലിഗയിലെ റയല്‍-ബാ‍ഴ്സ എല്‍ ക്ലാസിക്കോ വരുന്ന ശനിയാ‍ഴ‍്ചയാണ്. റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍ണേബുവിലാണ് മത്സരം.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പരിശീലകന്‍ സിനദന്‍ സിദാനും ടീം വിട്ടതിനെ തുടര്‍ന്ന് റയല്‍ മാഡ്രിഡിനെ നിര്‍ഭാഗ്യം പിന്തുടരുകയാണ്.

സ്പാനിഷ് ലാ ലിഗയില്‍ ബാ‍ഴ്സലോണയ്ക്കും അത്ലറ്റികോ മാഡ്രിഡിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് റയലിപ്പോള്‍. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ റയലിനിത് കിരീടമൊന്നുമില്ലാത്ത സീസണായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News