പാലിയേറ്റീവ് നേഴ്‌സുമാര്‍ക്ക് കൈത്താങ്ങായി തദ്ദേശസ്വയംഭരണ വകുപ്പ്

ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലായ രോഗികളെ പരിചരിക്കുന്ന പാലിയേറ്റിവ് നേഴ്‌സുമാര്‍ക്ക് കൈത്താങ്ങായി തദ്ദേശ സ്വയംഭരണ വകുപ്പ്.

പാലിയേറ്റീവ് നേഴ്‌സുമാരായി ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് കൊണ്ട് പരിഷ്‌ക്കരിച്ച മാര്‍ഗ്ഗ രേഖക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ അധ്യക്ഷതിയില്‍ നടന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം അംഗീകാരം നല്‍കി.

ഇതോടെ പാലിയേറ്റീവ് കെയര്‍ നേഴ്‌സുമാര്‍ക്ക് കരാര്‍ ജോലിക്കാര്‍ക്ക് ബാധകമായ പ്രസവാവധി, ഈ പ്രസവാവധി കാലയളവില്‍ ഹോണറേറിയം, നിലവില്‍ ജോലി ചെയ്യുവര്‍ക്ക് അധിക യോഗ്യത ആര്‍ജ്ജിക്കാതെ തന്നെ ജോലിയില്‍ തുടരാന്‍ കഴിയും.

കൂടാതെ നേഴ്‌സുമാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്നത് പോലെ പ്രതിവര്‍ഷം 20 ലീവും അനുവദിക്കും. ഇവര്‍ക്കുള്ള യൂണിഫോം,പ്രതിമാസം ഫോണ്‍ ചാര്‍ജായി 200 രൂപ തുടങ്ങിയ ആനുകൂല്യങ്ങളാണ് നേഴ്‌സുമാര്‍ക്ക് ലഭിക്കുക.

ഈ തീരുമാനം വന്നതോടെ മാരകമായി രോഗം ബാധിച്ച് കിടപ്പിലായ രോഗികളെ പരിചരിക്കുന്ന നേഴ്‌സുമാരുടെ സേവനത്തനിന് അര്‍ഹമായ അംഗീകാരമാണ് സര്‍ക്കാര്‍ നല്‍കിയത്.

കേരള സര്‍ക്കാര്‍2008 ല്‍ പ്രഖ്യാപിച്ച പാലിയേറ്റീവ് നയത്തിന് അനുസൃതമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് മാര്‍ഗരേഖ 2009 ല്‍ പുറപ്പെടുവിക്കുകയും 2012, 2015 വര്‍ഷങ്ങളില്‍ ഇത് പരിഷ്‌ക്കരിക്കുകയും ചെയ്തിരുന്നു.

പ്രാഥമിക പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും, വിദഗദ്ധ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന തലങ്ങളിലെ ആശുപത്രികള്‍ വഴിയുമാണ് നടക്കുന്നത്.

രോഗികളെ പരിചരിക്കുന്ന നേഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ അര്‍ഹമായ അംഗീകാരം നല്‍കിയതായും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമെമ്പാടും വിപുലമാക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here