എന്താണ് ജനീവ കരാര്‍? ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നത്തിനിടയില്‍ ഇത് നിര്‍ണായകമാകുന്നതിങ്ങനെ

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്റെ പിടിയിലായപ്പോഴാണ് ജനീവ കരാറിനെ കുറിച്ച് പലരും അറിഞ്ഞുതുടങ്ങുന്നതു തന്നെ. പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടു കിട്ടാന്‍ ജനീവ കരാറാണ് ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ പലര്‍ക്കും ജനീവ കരാറിനെ കുറിച്ച് വ്യക്തമായ ധാരണയില്ല എന്നതാണ് സത്യാവസ്ഥ.

ഇനി എന്താണ് ജനീവ കരാര്‍ എന്ന് നോക്കാം

1949ലെ ജനീവ കണ്‍വന്‍ഷനിലാണ് പ്രിസണേഴ്‌സ് ഓഫ് വാര്‍ സംബന്ധിച്ച അന്താരാഷ്ട്ര തലത്തില്‍ പാലിക്കേണ്ടി നിയമങ്ങള്‍ ധാരണയാകുന്നത്. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍, യുദ്ധ തടവുകാര്‍ക്ക് ഉറപ്പാക്കുന്നതാണ് ജനീവ ഉടമ്പടി. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നത്തിലായിരിക്കുമ്പോള്‍ അഥവാ യുദ്ധത്തിലായിരിക്കുമ്പോള്‍ എതിരാളിയുടെ കൈയില്‍ അകപ്പെടുന്നവരെയാണ് യുദ്ധ തടവുകാരെന്ന് പറയുന്നത്.

ഇത്തരത്തിലുള്ള യുദ്ധ തടവുകാരുടെ അവകാശങ്ങള്‍, അവരോട് എങ്ങനെയാണ് പെരുമാറേണ്ടത്, എന്നിങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ജനീവ കണ്‍വന്‍ഷന്‍ പ്രകാരം ധാരണ നിലവിലുണ്ട്. ജനീവ കരാര്‍ പ്രകാരം യുദ്ധത്തിലോ പട്ടാള നടപടികള്‍ക്കിടയിലോ കസ്റ്റഡിയിലാകുന്ന സൈനികര്‍ യുദ്ധ തടവുകാരനാണ്. റാങ്ക് അനുസരിച്ചുള്ള പരിഗണന നല്‍കി വേണം കസ്റ്റഡിയില്‍ വയ്ക്കാന്‍. യുദ്ധം നടക്കുകയാണെങ്കില്‍ അത് അവസാനിച്ച ശേഷം ഒട്ടും വൈകാതെ വിട്ടയ്ക്കണണെന്നും ജനീവ ഉടമ്പടിയില്‍ വ്യക്തമാക്കുന്നു.

മനുഷ്യത്വം ഉറപ്പാക്കി വേണം യുദ്ധതടവുകാരോട് പെരുമാറേണ്ടത്. ബലപ്രയോഗം നടത്തുക, ക്രൂരമായി ഉപദ്രവിക്കുക, അപമാനിക്കുക, ഭയപ്പെടുത്തുക എന്നിങ്ങനെയൊന്നും അവരോട് ചെയ്യാന്‍ പാടില്ല. താമസം, ഭക്ഷണം, വസ്ത്രം, ശുചിത്വം, വൈദ്യസഹായം എന്നിവ ഉറപ്പാക്കുകയും വേണം. കുടുംബാംഗങ്ങളുമായി സംസാരിക്കാനുളള അവസരം നല്‍കണം. കൂടാതെ യാതൊരു തരത്തിലുളള പരിക്കും ഏല്‍പിക്കരുത്. ഇത്തരം കാര്യങ്ങളാണ് ജനീവ കരാറില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ അതായത് ജനീവ ഉടമ്പടി പ്രകാരം ഇപ്പോള്‍ പാകിസ്ഥാന്റെ കസ്റ്റഡിയിലുള്ള അഭിനന്ദന്‍ അപായരഹിതനാണെന്നും സുരക്ഷിതനാണെന്നും ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here