രാജ്യസുരക്ഷയും സൈനികരെയും ബിജെപി രാഷ്ട്രീയമാക്കുന്നതില്‍ വ്യാപക പ്രതിഷേധം

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബിജെപിയുടെയും മോഡി സര്‍ക്കാരിന്റെയും നിലപാടില്‍ വ്യാപക പ്രതിഷേധം. സ്ഥിതി വഷളായ സാഹചര്യത്തിലും സര്‍വകക്ഷിയോഗം വിളിക്കാന്‍പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡി തയ്യാറാകുന്നില്ല.

വ്യോമസേന വിങ് കമാന്‍ഡര്‍ പാകിസ്ഥാന്റെ പിടിയില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി ബിജെപിയുടെ രാഷ്ട്രീയപ്രചാരണത്തില്‍ മുഴുകിയിരുന്നു. പാകിസ്ഥാനിലെ ബാലാകോട്ടില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരകേന്ദ്രം തകര്‍ത്ത വ്യോമസേനയുടെ ധീരമായ നടപടി വഴി ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടുമെന്നാണ് കര്‍ണാടക മുന്‍മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞത്.

ഇതിനു സമാനമായ പ്രസ്താവനയാണ് കഴിഞ്ഞദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഭാഗത്തുനിന്നുണ്ടായതും. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതും ഇതിനു തിരിച്ചടിയായി പകിസ്ഥാനിലെ ഭീകരകേന്ദ്രം തകര്‍ത്തതും തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാക്കി രാഷ്ട്രീയനേട്ടം കൊയ്യാനാകുമോ എന്നാണ് ബിജെപി നോക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായി. മറ്റു പ്രശ്‌നങ്ങളില്‍നിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാനാണിത്.

പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സമയത്ത് പ്രധാനമന്ത്രി ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് പാര്‍ക്കില്‍ പരസ്യചിത്രീകരണത്തിലായിരുന്നു.

വിവരമറിഞ്ഞിട്ടും ചിത്രീകരണം നിര്‍ത്തിയില്ല. പുല്‍വാമയില്‍ രഹസ്യാന്വേഷണ വീഴ്ച സംഭവിച്ചെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലിക് തന്നെ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചില്ല. പുല്‍വാമ സംഭവത്തിനുശേഷം ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങാണ് പാര്‍ലമെന്റിലെ കക്ഷിനേതാക്കളുടെ യോഗം വിളിച്ചത്. പ്രധാനമന്ത്രി വൈകാതെ ദക്ഷിണകൊറിയയിലേക്ക് പറന്നു.

ബാലാകോട്ട് വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിനുശേഷം രാജസ്ഥാനിലെ ചുരുവില്‍ ബിജെപി റാലിയില്‍ പ്രസംഗിക്കവെ രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു.

എന്നാല്‍, വ്യോമസേനാ ഉദ്യോഗസ്ഥന്‍ പാകിസ്ഥാന്റെ പിടിയിലായശേഷം പ്രധാനമന്ത്രി മൗനത്തിലായി. മുന്‍കാലങ്ങളില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍വകക്ഷിയോഗം ചേര്‍ന്ന് സ്ഥിതിഗതി ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം, വ്യാഴാഴ്ച മോഡി ബിജെപി ബൂത്തുതല പ്രവര്‍ത്തകരുമായുള്ള രണ്ടു മണിക്കൂര്‍ നീണ്ട വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ പങ്കെടുത്തു. ഈ പരിപാടിയുടെ പ്രചാരണാര്‍ഥം മോഡി തുടര്‍ച്ചയായി ട്വീറ്റ് ചെയ്തു.

ധീരജവാന്മാര്‍ രാജ്യത്തിനുവേണ്ടി ജീവന്‍ ബലിനല്‍കുമ്പോള്‍ പ്രധാനമന്ത്രി മോഡിയും ബിജെപി നേതാക്കളും തെരഞ്ഞെടുപ്പു പ്രചാരണം നടത്തുകയാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടി സീതാറാം യെച്ചൂരി പറഞ്ഞു.

ഭീകരതയ്‌ക്കെതിരായി ഇന്ത്യ നടത്തുന്ന പോരാട്ടത്തെ സങ്കുചിത നേട്ടങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കരുത്. 21 രാഷ്ട്രീയ പാര്‍ടികള്‍ നടത്തിയ ആഹ്വാനം ചെവിക്കൊള്ളാന്‍ മോഡി സര്‍ക്കാര്‍ തയ്യാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

ദേശസുരക്ഷയെ സങ്കുചിത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി കാണണമെന്ന് 21 പ്രതിപക്ഷ കക്ഷികളുടെ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരെയും പാകിസ്ഥാന്റെ പിടിയിലായ വ്യോമസേനാ ഉദ്യോഗസ്ഥനെയും ഓര്‍ത്ത് രാജ്യമാകെ കേഴുമ്പോള്‍ മോഡിയും കൂട്ടരും വോട്ടിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം പറഞ്ഞു.

കമാന്‍ഡര്‍ അഭിനന്ദന്‍ സുരക്ഷിതനായി മടങ്ങിയെത്തുന്നതുവരെ രാഷ്ട്രീയ പരിപാടികള്‍ മാറ്റിവയ്ക്കണമെന്ന് പ്രധാനമന്ത്രിയോട് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി ഊണു കഴിച്ചോ, ഉറങ്ങിയോ എന്നല്ല, വ്യോമസേന കമാന്‍ഡര്‍ സുരക്ഷിതനായി എപ്പോള്‍ എത്തുമെന്നാണ് രാജ്യത്തിന് അറിയേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് ദിവ്യ സ്പന്ദന ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News