ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ ഇടപെടല്‍ തുടരുമെന്ന് അമേരിക്ക

ഇന്ത്യ പാക് സംഘര്‍ഷത്തില്‍ ഇടപെടല്‍ തുടരുമെന്ന് അമേരിക്ക. സാഹചര്യങ്ങള്‍ വഷളാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്ട്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

അതേസമയം വിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. സമ്മേളനത്തില്‍ നിന്ന് പാകിസ്ഥാന്‍ വിട്ടുനില്‍ക്കുകയാണ്. ഇതിനിടെ മൗലാന മസൂദ് അസ്ഹര്‍ പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് പാകിസ്ഥാന്‍ സ്ഥീരീകരിച്ചു. അതിര്‍ത്തിയില്‍ ഇന്നും പാകിസ്ഥാന്‍ പ്രകോപനം ആവര്‍ത്തിച്ചു.

ഇന്ത്യാ പാക് സംഘര്‍ഷത്തില്‍ ഇടപെട്ടിരുന്നുവെന്നും സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി തുടര്‍ന്നും ഇടപെടല്‍ ഉണ്ടാകുമെന്നുമാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.

ഇരു രാജ്യങ്ങളുമായി സമ്പര്‍ക്കം തുടരുകയാണ്. രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സംഘര്‍ഷങ്ങള്‍ താല്‍ക്കാലികമായെങ്കിലും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്.

ഇതിന് കഠിനമായി ശ്രമിക്കുന്നുണ്ടെന്നും മൈക്ക് പോംപിയോ പറഞ്ഞു. ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന്‍ എഫ് 16 വിമാനം ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഇന്ത്യ അമേരിക്കയ്ക്ക് കൈമാറും.

അതേസമയം വിദേശകാര്യ മന്ത്രി സുഷ്മസ്വരാജ് ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. കശ്മീര്‍ വിഷത്തില്‍ സംഘടന സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.

കഴിഞ്ഞ വര്‍ഷം കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന നിലപാടിലായിരുന്നു ഓഐസി. ഇതില്‍ മാറ്റമുണ്ടാകുമോ എന്ന് എല്ലാവരും ഉറ്റുനോക്കുന്നു.

പാക് സമ്മര്‍ദ്ദത്തിനിടെയും ഇന്ത്യയെ പങ്കെടുപ്പിക്കാനുള്ള തീരുമാനം ശുഭ സൂചനയായയാണ് ഇന്ത്യ കാണുന്നത്.ഇതിനിടെ മൗലനാ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സ്ഥീരികരിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന്റെ തെളിവുകള്‍ ഇന്ത്യ കൈമാറിയിട്ടും മസൂദിനെതിരെ ശക്തമായ തെളിവില്ലെന്ന നിലപാടിലാണ് പാകിസ്ഥാന്‍. ഇന്ത്യന്‍ വൈമാനികന്റെ മോചനതീരുമാനത്തിന് ശേഷവും വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ പലയിടങ്ങളിലും ലംഘിച്ചു.

കുപ്വാരയില്‍ ഏറ്റുമുട്ടലിനിടെ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഉറിയിലും ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. ഇതിനിടെ പഞ്ചാബില്‍ പാക് ചാരനെന്ന് സംശയിക്കുന്ന ഒരാളെ ബിഎസ്എഫ് പിടികൂടി. ഇയാളുടെ കൈയില്‍ നിന്ന് പാകിസ്ഥാന്‍ സിം പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here