46-ാമത് മന്ത്രിതലസമ്മേളനത്തില്‍ ഇന്ത്യയാണ് അതിഥിരാഷ്ട്രം. സമ്മേളനത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് അബുദാബിയില്‍ എത്തിയിട്ടുണ്ട്.

അതേ സമയം ഇന്ത്യയെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സമ്മേളനത്തില്‍നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശമന്ത്രി സുഷമാ സ്വരാജാണ് രണ്ടുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഇത് വലിയ നേട്ടമാവുമ്പോള്‍ ഇന്ത്യ-പാക് ബന്ധം വഷളായ പുതിയ സാഹചര്യത്തില്‍ പാകിസ്താന് വലിയ പ്രഹരവുമാണ്.

കഴിഞ്ഞദിവസം ഇന്ത്യ ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് അനുകൂലമായി സംസാരിക്കാന്‍ ഇസ്‌ലാമിക രാഷ്ട്രങ്ങളൊന്നും രംഗത്തു വന്നിട്ടില്ല .ഇസ്‌ലാമിക രാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ സമ്മേളനത്തില്‍ കശ്മീരും ചര്‍ച്ചാവിഷയമാകുമെന്നാണ് കരുതുന്നത്.

എന്നാല്‍ പലസ്തീനുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്‍ സെക്രട്ടറി ജനറല്‍ ഡോ. യൂസഫ് അല്‍ ഒതൈമീന്‍ അറിയിച്ചത്.

യു.എ.ഇ. വിദേശമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. 57 രാജ്യങ്ങളാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷനില്‍ അംഗങ്ങളായിട്ടുള്ളത്.