സുരക്ഷിത യാത്രയ്ക്ക് വിമാന എന്‍ജിനില്‍ കാണിക്ക; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

അപകടമില്ലാത്ത വിമാനയാത്രയ്ക്കായി യാത്രക്കാരന്‍ കാണിക്കയിട്ടതിനെ തുടര്‍ന്ന് വിമാനത്തിന്‍റെ യാത്ര മുടങ്ങി. പേരില്‍ തന്നെ ഭാഗ്യം സൂചിപ്പിക്കുന്ന ചൈനയിലെ ലക്കി എയര്‍വേയ്സിനാണ് കാണിക്ക മൂലം യാത്ര തന്നെ ഒ‍ഴിവാക്കേണ്ടി വന്നത്.

കുടുംബത്തോടൊപ്പമുള്ള സുരക്ഷിത യാത്രക്കുവേണ്ടിയാണ് യാത്രക്കാരിലൊരാള്‍ പ്രാര്‍ഥിച്ച ശേഷം ചൈനീസ് നാണയമായ യുവാന്‍ കാണിക്കയിട്ടത്. നാണയമിട്ടത് പ്രാര്‍ത്ഥാനലയങ്ങളിലെ കാണിക്കപ്പെട്ടിയിലായിരുന്നില്ല, വിമാനത്തിന്‍റെ എന്‍ജിനിലായിരുന്നു എന്നുമാത്രം. ഫെബ്രുവരി 17 നാണ് ചൈനയിലെ ലക്കി എയര്‍ വിമാനത്തിന്‍റെ എന്‍ജിനില്‍ കാണിക്ക തുട്ട് വീണത്.

ആന്‍ക്വിങ്ങില്‍ നിന്ന് കുന്‍മിങ്ങിലേക്ക് പുറപ്പെടാന്‍ തയ്യാറായ വിമാനത്തിന്‍റെ എന്‍ജിന്‍ പരിശോധനയ്ക്കിടെ ഗ്രൗണ്ട് സ്റ്റാഫ് നാണയം കണ്ടെത്തിയതോടെ വിമാനത്തിന് പറക്കാനുള്ള അനുമതി നിഷേധിച്ചു.

തുടര്‍ന്ന് നടന്ന പരിശോധനയില്‍ അധികാരികള്‍ കാണിക്കയിട്ട യാത്രക്കാരനെ തിരിച്ചറിഞ്ഞു. ഭാര്യക്കും ഒരു വയസ്സുള്ള കുട്ടിക്കും ഒപ്പം യാത്രക്കെത്തിയ ലൂ എന്ന 28 കാരനായിരുന്നു പ്രതി. സുരക്ഷിത യാത്രക്ക് വേണ്ടി നാണയം ഇട്ടതെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ലൂവിന്‍റെ മൊ‍ഴി.

162 യാത്രക്കാരുടെ യാത്ര മുടക്കിയതിനും വിമാനത്തിന് സുരക്ഷാ ഭീഷണി സൃഷ്ടിച്ചതിനും 21,000 ഡോളര്‍ ലൂയുടെ പക്കല്‍ നിന്ന് നഷ്ടപരിഹാരമായി ഈടാക്കാനാണ് ലക്കി എയറിന്‍റെ തീരുമാനം. 2017ല്‍ ഒരു വൃദ്ധന്‍ ലക്കി എയറിന്‍റെ എന്‍ജിന്‍ റൂമിലേക്ക് രണ്ട് നാണയത്തുട്ടുകള്‍ ഇട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതേ വര്‍ഷം തന്നെ സതേണ്‍ എയര്‍ലൈനിന്‍റെ വിമാനത്തിലേക്ക് 80 പിന്നിട്ട യാത്രക്കാരനെറിഞ്ഞത് ഒന്‍പത് നാണയങ്ങളാണ്.

എഞ്ചിന്‍ റൂമില്‍ നാണയത്തിന്‍റെ സാന്നിധ്യത്തിലെന്ത് അപകടം എന്ന് ചിന്തിക്കുന്നവരുണ്ടാകാം. അശ്രദ്ധമായി എറിയുന്ന നാണയത്തിന് ആകാശമധ്യേ വിമാനത്തിന്‍റെ യന്ത്രം നിശ്ചലമാക്കാനുള്ള ശക്തിയുണ്ടെന്ന് ചൈനയിലെ സിവില്‍ ഏവിയേഷന്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഔയാങ് ജൈ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News