കടന്നാക്രമണങ്ങള്‍ക്ക് കീഴ്‌പ്പെടില്ലെന്ന് പ്രഖ്യാപിച്ച് കാസറഗോഡ് പെരിയയില്‍ സി പി ഐ എം പൊതുയോഗം.മേഖലയിലെ പാര്‍ട്ടിയുടെ ബഹുജന അടിത്തറ വ്യക്തമാകുന്ന ജനപങ്കാളിത്തമാണ് പൊതുയോഗത്തില്‍ ഉണ്ടായത്.

പെരിയ കൊലപാതകത്തിന് പിന്നാലെ പാര്‍ട്ടിക്കെതിരെ നടക്കുന്ന നുണ പ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

കടന്നാക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും എന്ന് തെളിയിക്കുന്നതായിരുന്നു കാസറഗോഡ് പെരിയയിലെ സി പി ഐ എം പൊതുയോഗം.

ഒരു കൂട്ടം മാധ്യമങ്ങളുടെ കുപ്രചാരണങ്ങളും കോണ്‍ഗ്രസ്സ് ഭീഷണിയും അവഗണിച്ചാണ് ആയിരങ്ങള്‍ പൊതു യോഗത്തിന് എത്തിയത്.കാസറഗോഡ് പെരിയ കൊലപാതകത്തിന് പിന്നാലെ പാര്‍ട്ടിക്ക് നേരെ കടന്നാക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നിലപാട് വിശദീകരിക്കാനായി സി പി ഐ എം പൊതു യോഗം സംഘടിപ്പിച്ചത്.

പെരിയയിലെ ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പേരില്‍ കള്ള പ്രചാരണങ്ങള്‍ നടത്തി കേരളത്തില്‍ നിന്നും സി പി ഐ എമ്മിനെ മായ്ച്ചു കളയാമെന്ന് കരുത്തേണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ നടത്തിയ കൊലപാതക പരമ്പരകള്‍ ചരിത്ര രേഖകളില്‍ നിന്ന് മാഞ്ഞു പോയിട്ടില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.പി കരുണാകരന്‍ എം പി,സി പി ഐ എം കാസറഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍,എം എല്‍ എ മാരായ എം രാജഗോപാല്‍,കെ കുഞ്ഞിരാമന്‍,മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍,സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എച്ച് കുഞ്ഞമ്പു തുടങ്ങിയവര്‍ പങ്കെടുത്തു.

പെരിയ ടൗണില്‍ ചേര്‍ന്ന പൊതു യോഗത്തിലേക്ക് സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ ഒഴുകിയെത്തി.കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാല്‍ അക്രമിക്കപ്പെട്ടവരും കുടുംബാംഗങ്ങളും യോഗത്തിന് എത്തിയിരുന്നു.