കാലത്തെ അതിജീവിച്ച സൂപ്പര്‍താരം വീണ്ടും ഹിറ്റ് ചാര്‍ട്ടില്‍

മുംബൈ: രാജ്യം കണ്ട ഏറ്റവും വലിയ സൂപ്പര്‍ താരം ആരാണെന്ന് ചോദിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് മടിക്കാതെ പറയാവുന്ന മറുപടിയാണ് അമിതാഭ് ബച്ചന്‍.

നാലു ദശകത്തിലേറെയായി ബോളിവുഡിനെ അടക്കി ഭരിക്കുന്ന അമിതാഭ് അറുപത്തി ആറിന്റെ നിറവിലും യുവാക്കള്‍ക്ക് പോലും ആവേശമാണ്. ബോളിവുഡില്‍ ചെറുപ്പക്കാര്‍ വിപ്ലവം നടത്തുമ്പോഴും ബിഗ് ബിയുടെ മാറ്റ് കുറയുന്നില്ല. കാലത്തെ അതിജീവിച്ച താരത്തിളക്കമാണ് അമിതാഭ് ബച്ചന്‍.

അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, നിര്‍മ്മാതാവ്, ഗായകന്‍, ടെലിവിഷന്‍ അവതാരകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അമിതാഭ്.

ഒരു പക്ഷെ മാധ്യമങ്ങള്‍ ഇത്രയേറെ കൊട്ടിഘോഷിച്ച മറ്റൊരു വ്യക്തി ഇന്ത്യന്‍ വിനോദ മേഖലയില്‍ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.

അമിതാഭിന്റെ ഏറ്റവും പുതിയ റാപ് സോങ്ങാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങിയ ദിവസം തന്നെ അഞ്ചു ലക്ഷത്തിലധികം പേര്‍ ആസ്വദിച്ച പാട്ടിനെ യുവാക്കളും ഏറ്റെടുത്തു കഴിഞ്ഞു.

അമിതാഭ് പാടിയ നിരവധി ഗാനങ്ങള്‍ ഇതിനു മുന്‍പും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിട്ടുണ്ട്. ഏറ്റവും അവസാനം കഹാനി സിനിമക്ക് വേണ്ടി പാടിയ ബംഗാളി ഗാനവും തരംഗം സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ ബദ്‌ലാ എന്ന ചിത്രത്തിന് വേണ്ടി ആലപിച്ച ഔക്കത്ത് എന്ന റാപ് നമ്പറിലൂടെ വീണ്ടും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുകയാണ്.

സംഗീതത്തോട് അഭികാമ്യം പുലര്‍ത്തുന്ന താരം വീട്ടില്‍ ആധുനീക സാങ്കേതിക സംവിധാനങ്ങളോടെയുള്ള റെക്കോര്‍ഡിങ് സ്റ്റുഡിയോ തന്നെ സജ്ജമാക്കിയിട്ടുണ്ട്.

ഒഴിവു വേളകളിലെല്ലാം തന്റെ സംഗീത വാസനയെ പരിപോഷിപ്പിക്കുവാന്‍ ഇഷ്ടപ്പെടുന്ന ബിഗ് ബി ബദ്‌ലായിലെ ഗാനവും ശ്രദ്ധിക്കപ്പെട്ട സന്തോഷത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News