അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയച്ചതിന് ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നു. പാകിസ്ഥാന്‍ പലതവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

ജനവാസമേഖലകളിലേക്കും പാകിസ്ഥാന്‍ തുടര്‍ച്ചയായി ആക്രമം നടത്തുകയാണ്. പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ കൊല്ലപ്പെട്ടു.

പുല്‍വാമയ്ക്കടുത്ത് ത്രാലിലുലുണ്ടായ സ്‌ഫോടനത്തില്‍ ഒരു നാട്ടുകാരന് പരുക്കേറ്റു.

ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ കൂടാതെ ജനവാസ മേഖലയിലേക്ക് കൂടി ആക്രമണം നടത്തുകയാണ് പാകിസ്ഥാന്‍. അഭിനന്ദനെ വിട്ടയച്ചതിന് പിന്നാലെയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പാകിസ്ഥാന്‍ തുടര്‍ന്നു.

ൂഞ്ച് ജില്ലയിലെ സലോത്രിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ 2 കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. പൂഞ്ച് ജില്ലയിലെ തന്നെ മാന്‍കോട്ട് മേഖലയിലും പാക് വെടിവയ്പ്പുണ്ടായി. പ്രദേശവാസിയായ യുവതിക്ക് പരുക്കേറ്റു. പ്രദേശത്ത് തുടര്‍ച്ചയായ എട്ടാം ദിവസമാണ് വെടിവയ്പ്പുണ്ടാകുന്നത്.

പൂല്‍വാമയ്ക്കടുത്ത് ത്രാലില്‍ ഭീകരര്‍ സുരക്ഷാ സേനയുടെ വാഹനം ലക്ഷ്യമാക്കി സ്‌ഫോടനം നടത്തി. ഒരു നാട്ടുകാരന് സംഭവത്തില്‍ പരുക്കേറ്റിട്ടുണ്ട്. പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി,ബാലക്കോട്ട് പ്രദേശങ്ങളിലും പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നു.

തുടര്‍ച്ചയായ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ജില്ലകളായ രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് പലരും വീടൊഴിഞ്ഞു പോകുകയാണ്. പുല്‍വാമ സംഭവത്തിന് ശേഷം മാത്രം 40ലേറെ തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതേസമയം ഹിമാചലിലെ അവ്‌ലാഞ്ചെയില്‍ മഞ്ഞില്‍ കുടുങ്ങിയ 5 സൈനികരില്‍ ഒരാളുടെ മൃതദേഹം ഇന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.