കോൺഗ്രസ‌ിന്‍റെ പ്രചാരണ ചുമതല പരസ്യക്കമ്പനികൾക്ക‌്

ദില്ലി: ലോക‌്സഭ തെരഞ്ഞെടുപ്പ‌് പ്രചാരണ ചുമതല കോൺഗ്രസ‌് പ്രമുഖ പരസ്യ കമ്പനികളെ ഏൽപ്പിക്കുന്നു.  എൻഡിഎ സർക്കാരിനെതിരെ ശക്തമായ പ്രചരണത്തിന‌് അണിയറ നീക്കങ്ങൾ സുക്ഷ‌്മമാകണമെന്ന‌് മനസിലാക്കിയാണ‌് പരസ്യകമ്പനികളെ ആശ്രയിക്കുന്നത‌്.

ഡിജിറ്റൽ പ്രചരണതന്ത്രങ്ങളാണ‌് പരസ്യക്കമ്പനികളുടെ മേൽനോട്ടത്തിൽ ഒരുങ്ങുന്നത‌്. പ്രചാരണം ഏറ്റെടുക്കാൻ ടെൻഡർ ക്ഷണിച്ചപ്പോൾ 13 സ്ഥാപനങ്ങളാണ‌് മുന്നോട്ടുവന്നത‌്.

ചുരുക്കപ്പട്ടികയിൽ പെർസെപ‌്റ്റ‌്, ക്രയോൺ, ലിയോ ബർനെറ്റ‌്, ഡിസൈൻ ബോക‌്സ‌്ഡ‌് എന്നിവയാണ‌് ഉൾപ്പെട്ടിരിക്കുന്നത‌്. മുമ്പ‌് കോൺഗ്രസിന്റെ പ്രചരണത്തിന്റെ ഭാഗമായിരുന്ന സ്ഥാപനങ്ങളാണിത‌്.

2004ൽ ലിയോ ബർനെറ്റ‌് കോൺഗ്രസിനുവേണ്ടി പ്രചാരണം നടത്തിയിരുന്നു. 2014ൽ തെരഞ്ഞെടുപ്പിനുമുമ്പ‌് ഭാരത‌് നിർമാൺ പ്രചരണ പദ്ധതി പെർസെപ‌്റ്റ‌് വകയായിരുന്നു. തെരഞ്ഞെടുപ്പിൽ 500 കോടി രൂപയിലേറെ വരുന്ന മാധ്യമങ്ങളിലെ പ്രചരണം ഡെന്റ‌്സു ഇന്ത്യയാണ‌് നയിച്ചത‌്.

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച പഞ്ചാബ‌്, രാജസ്ഥാൻ, ചത്തീസ‌്ഗഢ‌് എന്നിവിടങ്ങളിൽ പ്രചരണം നിയന്ത്രിച്ചത‌് ഡിസൈൻ ബോക‌്സ‌്ഡ‌് ആണ‌്.

ഏത‌് കമ്പനിയെ പ്രചരണം ഏൽപ്പിക്കണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. കോടികൾ ഒഴുക്കിയുള്ള കളിയിൽ ബിജെപിയോട‌് പിടിച്ചുനിൽക്കണം.

ഒപ്പം അടിത്തട്ടുലഞ്ഞുപോയ പല സംസ്ഥാനങ്ങളിലും പ്രചരണങ്ങളിലൂടെ വേണം സാന്നിധ്യം ഉറപ്പിക്കാൻ എന്നതും കോൺഗ്രസിന‌് വെല്ലുവിളിയാണ‌്.

പാർടിയുടെ പ്രചരണ സമിതി സമർപ്പിച്ച പ്രചരണ മുദ്രാവാക്യത്തിലും പ്രമേയത്തിലും അധ്യക്ഷൻ രാഹുൽഗാന്ധി തൃപ‌്തനല്ല. ‘സച്ഛീ സർക്കാർ, അച്ഛീ സർക്കാർ’ (വിശ്വസ‌്ത സർക്കാർ, നല്ല സർക്കാർ) എന്ന പരസ്യ വാചകവും ഷാറൂഖ‌് ഖാൻ ചിത്രത്തിലെ ചക‌് ദേ എന്ന പാട്ട‌് അനുകരിക്കുന്ന പരസ്യഗാനവുമാണ‌് സമിതി തയാറാക്കിയത‌്.

ഈ പ്രചരണ ആശയം ക്രിയാത്മകമല്ലെന്ന അഭിപ്രായമാണ‌് രാഹുൽഗാന്ധിക്ക‌്. 2014ൽ കൊട്ടിഘോഷിച്ച‌് അധികാരത്തിൽ എത്തിയ നരേന്ദ്ര മോഡി സർക്കാർ വാഗ‌്ദാനങ്ങൾ എല്ലാം ലംഘിച്ചു എന്നതിൽ ഊന്നൽ നൽകിയുള്ള പ്രമേയമാണ‌് സമിതി അധ്യക്ഷൻ ആനന്ദ‌് ശർമ മുന്നോട്ടുവയ‌്ക്കുന്നത‌്. വാഗ‌്ദാനവും (വാദ), വഞ്ചനയും (ദോക്ക) താരതമ്യം ചെയ്യുകയാണ‌് ലക്ഷ്യം.

2014ലെ തെരഞ്ഞെടുപ്പിൽ ഒന്നിലേറെ കമ്പനികളെ ഉപയോഗിച്ച‌് പരസ്യങ്ങളുടെ അതിപ്രസരം സൃഷ‌്ടിച്ചാണ‌് ബിജെപി അധികാരം ഉറപ്പാക്കിയത‌്. സോഹോ സ‌്ക്വയർ, ഒഗിൽവി ആന്റ‌് മാതർ, മാഡിസൺ വേൾഡ‌് തുടങ്ങിയവയായിരുന്നു പ്രചരണം നയിച്ചത‌്.

ഈ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ ഏകോപിപ്പിക്കാൻ 17 സമിതികളാണ‌് ബിജെപി രൂപീകരിച്ചത‌്. 18 പരസ്യക്കമ്പനികൾ പരിഗണനയിലുണ്ട‌്. പ്രമുഖരായ നിരവധി പരസ്യകമ്പനികളെ ബിജെപി പരിഗണിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News