കുവെെറ്റ് സിറ്റി: കുവെെറ്റില്‍ മലയാളികളുടെ തന്നെ തട്ടിപ്പിന് ഇരയായി മലയാളി തൊ‍ഴിലാളികള്‍. വീട്ടു ജോലിയാക്കുവേണ്ടി കുവെെറ്റിലെത്തിയ മലയാളി സ്ത്രീകളാണ് തൊഴിൽ തട്ടിപ്പിനിരയായത്.

ആലപ്പുഴ സ്വദേശി പുഷ്പാംഗദന്‍റെ ഭാര്യ വനിതയാണ് തട്ടിപ്പിനിരയായ ഒരാള്‍. ഇവര്‍ വീട്ടു ജോലിയ്ക്കാണ് കുവൈറ്റിലെത്തിയത്. മലപ്പുറം സ്വദേശി സിദ്ധീഖ്, കോഴിക്കോട് സ്വദേശി ഇസ്മായിൽ എന്നിവര്‍ വ‍ഴിയാണ് തൊ‍ഴില്‍ ശരിയായത്.

വിസ നല്‍കിയതും അവര്‍ തന്നെയാണ്. അൽഹബീബ് എന്ന റിക്രൂട്ടിംഗ് ഏജൻസി വഴി കുവൈറ്റിലെത്തിയതാണ് ഇവര്‍.

എന്നാല്‍ രണ്ടു മാസത്തിന് ശേഷം ശബളമില്ലാതായി. ജോലിയുടെ കാഠിന്യത്തെക്കുറിച്ചും ശമ്പളത്തെക്കുറിച്ചും പരാതി പറഞ്ഞതോടെ,  ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു.

ഇവരുടെ വീട്ടുകാര്‍ പൊലീസിനും നോര്‍ക്ക രൂട്ട്സിനും പരാതി നല്‍കി.അമിതമായി ജോലി എടുപ്പിക്കുന്നതിനെക്കുറിച്ച് പരാതി പറഞ്ഞപ്പോൾ ഓഫീസിലെ മുറിയിൽ കെട്ടിയിട്ട് മര്‍ദ്ദിക്കുകയും മൊബൈൽ ഫോണ്‍ പിടിച്ച് വക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം നിരവധി മലയാളികള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

കായംകുളം സ്വദേശി പൊന്നമ്മ, പരുമല സ്വദേശി അഞ്ജു, കോട്ടയം സ്വദേശി ജസ്സി, ജോമോൾ, ഏറ്റമാനൂരില്‍ നിന്നുള്ള വൽസല എന്നിവരും തൊഴിൽ പീഡനത്തിനിരയായെന്നാണ് പരാതി.