ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനുണ്ടാകും; ഒഴിവാക്കണമെന്ന ആവശ്യം തള്ളി ഐസിസി; ഇന്ത്യ മത്സരിക്കുമോയെന്ന് കേന്ദ്രം തീരുമാനിക്കും

ക്രിക്കറ്റ് ലോകകപ്പില്‍ നിന്ന് പാകിസ്ഥാനെ ഒഴിവാക്കണമെന്ന ബിസിസിഐ ആവശ്യം ഐസിസി തള്ളി. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രം ചര്‍ച്ചെയെന്നായിരുന്നു ഐസിസി നിലപാട്. ഇതോടെ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ മത്സരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരാകും അന്തിമതീരുമാനമെടുക്കുക.

പുല്‍വാമ ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാനെ ലോകകപ്പ് ക്രിക്കറ്റില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു ബിസിസിഐ ഐസിസിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഐസിസി ത്രൈമാസ ബോര്‍ഡ് യോഗം ബിസിസിഐ ആവശ്യം തള്ളി.

ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാത്രമേ ചര്‍ച്ചയുള്ളൂ എന്നും അതില്‍ മാത്രമേ തീരുമാനമെടുക്കാനാകൂ എന്നും ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ ലോകകപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ പാകിസ്ഥാനുമായി ഇന്ത്യ മത്സരത്തിന് തയ്യാറാകുമോ അല്ല ബഹിഷ്‌കരിക്കുമോ എന്നതില്‍ കേന്ദ്രസര്‍ക്കാരാകും തീരുമാനമെടുക്കുക.

ലോകകപ്പില്‍ ഇന്ത്യന്‍ ടീം പങ്കെടുക്കണമോ എന്നതില്‍ ബിസിസിഐ കേന്ദ്രസര്‍ക്കാരിന് തീരുമാനം വിട്ടിരുന്നു.

ഇന്ത്യാ പാക് സംഘര്‍ഷം അയഞ്ഞ പശ്ചാത്തലത്തിലും ഇന്ത്യന്‍ വൈമാനികനെ പാകിസ്ഥാന്‍ വിട്ടയയ്ക്കുകയും ചെയ്തതിനാല്‍ ബഹിഷ്‌കരണ തീരുമാനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കില്ലെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 16നാണ് ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരം.

അതേസമയം ഇന്ത്യയില്‍ നടക്കുന്ന 2021 ട്വന്റി ട്വന്റി ലോകകപ്പിലും 2023 ലോകകപ്പിലും പാക് താരങ്ങള്‍ക്ക് ഇന്ത്യ വിസ നിഷേധിക്കാന്‍ സാധ്യതയുണ്ടെന്നും വിഷയത്തില്‍ ഐസിസി ഇടപെടണമെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് കണ്‍ട്രോണ്‍ ബോര്‍ഡ് ഐസിസിയോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here