കമ്മാരസംഭവത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ ദിലീപ് സിനിമയാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. ജനപ്രിയ നായകന്റെ ഗംഭീര പ്രകടനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് ചിത്രത്തിന് വന്നു ചേര്‍ന്നതെന്ന് സംവിധായന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. വിക്കന്‍ വക്കീലിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന് പ്രേക്ഷകരോട് നന്ദിയും സംവിധായകന്‍ അറിയിച്ചു.

സൗബിനും സജിവ് പാഴൂരും ദിലീഷ് നായരുമൊക്കെ ചേര്‍ന്നുള്ള ഒരു സിനിമയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ആ സിനിമ സംഭവിക്കും എന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും ബി ഉണ്ണികൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞു.
ഒരാഴ്ച പിന്നിട്ടപ്പോള്‍ ബോക്‌സ് ഓഫീസില്‍ 12 കോടിയാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ സ്വന്തമാക്കിയത്. സംസാര വൈകല്യമുള്ള ഒരു വക്കീലിന്റെ വേഷത്തിലാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നത്.

‘പാസഞ്ചര്‍’, ‘മൈ ബോസ്’, ‘2 കണ്‍ട്രീസ്’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മംമ്തയും ദിലീപും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’. പ്രിയ ആനന്ദ്, സിദ്ദിക്ക് , അജു വര്‍ഗീസ് , സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, ഭീമന്‍ രഘു, രഞ്ജി പണിക്കര്‍ , ഹരീഷ് ഉത്തമന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ നിര്‍മ്മിച്ചത്. ഈ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന മലയാള സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.