‘ഗാംബിനോസ്’ തിയേറ്ററുകളിലേക്ക്; സംവിധായകന്‍ കൈരളി ന്യൂസിനോട് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു

മറ്റൊരു വെള്ളിയാഴ്ച്ച കൂടി എത്തുകയാണ്, ഒപ്പം പുതിയൊരു സംവിധായകന്റെ വരവും കൂടി.

നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായതിന് ശേഷം തന്റെ ആദ്യ സിനിമയുമായി എത്തുന്നു. ഗിരീഷ് പണിക്കര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ‘ഗാംബിനോസ്’ മാര്‍ച്ച് എട്ടിന് റിലീസിന് ഒരുങ്ങുന്നു. രാധികാ ശരത്കുമാര്‍, സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

കങ്കാരു ബ്രോഡ് കാസ്റ്റിംഗ് ബാനറില്‍ നിര്‍മ്മിക്കുന്ന ഗാംബിനോസില്‍ സമ്പത്ത് രാജ്, ശ്രീജിത് രവി, സാലു കെ. ജോര്‍ജ്ജ്, സിജോയ് വര്‍ഗ്ഗീസ്, മുസ്തഫ, നീരജ എന്നിവരാണ് മറ്റു താരങ്ങള്‍. സക്കീര്‍ മഠത്തില്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ബന്‍ കൃഷ്ണ നിര്‍വ്വഹിക്കുന്നു.

കോഴിക്കോട് സ്വദേശിയായ ഗിരീഷ് പണിക്കര്‍ മട്ടാട തന്റെ ഇതുവരെയുള്ള സിനിമ അനുഭവങ്ങളാണ് അദ്ദേഹം കൈരളി ഓണ്‍ലൈനുമായി പങ്കുവച്ചിരിക്കുന്നത്.

സിനിമ എപ്പോഴാണ് ഉള്ളിന്റെ ഉള്ളില്‍ മോഹമായി കയറിയത്…?

സിനിമ ഇഷ്ട്ടപ്പെട്ട് തുടങ്ങുന്നത് കുട്ടിക്കാലത്തെ സിനിമ കാഴ്ച്ചകളിലൂടെയാണ്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് മുഖ്യപരിപാടി തന്നെ സിനിമ കാണുക എന്നതാണ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒക്കെ വിവിധ ജോണറുകളിലുള്ള സിനിമകളും അന്യഭാഷ സിനിമകളും ഒക്കെ മനസ്സ് കിഴക്കെി കഴിഞ്ഞപ്പോഴാണ് സിനിമ ചെയ്യണം എന്ന മോഹം ഉള്ളില്‍ ഉടലെടുത്തത്.

പിന്നീട് തിരക്കഥകള്‍ വായിക്കുവാന്‍ വേണ്ടിയുള്ള ശ്രമമായി; അങ്ങനെ എംടിയുടെയും മറ്റും തിരക്കഥകള്‍ എന്റെ വായനയുടെ ഭാഗമായി. ആ വായനയുടെ പിന്‍ബലത്തില്‍ പിന്നീട് വിദേശ സിനിമകള്‍ തേടിയായി യാത്ര. വിദേശ സിനിമകളുടെ കാഴ്ച്ച. സ്വന്തമായി സിനിമ ചെയ്യാനുള്ള ആഗ്രഹം ഉള്ളിലുണ്ടാക്കി അങ്ങനെയാണ് സിനിമാപഠനത്തിനായി ഇറങ്ങുന്നത്.

സഹസംവിധായകന്‍ ആയിരുന്ന കാലത്തെ സിനിമ ഓര്‍മ്മകള്‍..?

സംവിധായകന്‍ ലാല്‍ ജോസ് ആണ് എന്നെ വിനയന്‍ സാറിന്റെ അടുത്ത് റെക്കമെന്റ് ചെയ്യുന്നത്. വിനയന്‍ സാറിന്റെ ഏറ്റവും മികച്ച ചിത്രങ്ങളായ ദിലീപ് പ്രധാന വേഷത്തില്‍ എത്തിയ പ്രണയനിലാവ്, കലാഭവന്‍ മണിയുടെ ഇന്‍ഡിപെന്‍ഡന്‍സ് , കരുമാടിക്കുട്ടന്‍ തമിഴ് ചിത്രമായ കാശി, ദൈവത്തിന്റെ മകന്‍ എന്ന ജയറാം ചിത്രം, മമ്മൂട്ടി ചിത്രം ദാദാസാഹിബ്, ദിലീപ് സിനിമ വാര്‍ ആന്റ് ലൗ തുടങ്ങിയ വിനയന്‍ സാറിന്റെ സംവിധാന സിനിമകളില്‍ എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചിരുന്നു.

അദ്ദേഹത്തിന്റെ കൂടെക്കൂടാന്‍ കഴിഞ്ഞതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. ശരിക്കും ഒരു യൂണിവേഴ്‌സിറ്റി തന്നെയായിരുന്നു അദ്ദേഹത്തിന്റെ സിനിമികള്‍ എന്നെ സംബന്ധിച്ചിടത്തോളം. കാരണം ഞാന്‍ വര്‍ക്ക് ചെയ്ത ചിത്രങ്ങള്‍ എല്ലാം തന്നെ വലിയ സിനിമകള്‍ ആയിരുന്നു ആയിരത്തിന് മുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അടക്കം ഉള്ള ആളുകള്‍ ഉണ്ടായിരുന്ന സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ കഴിയുക എന്നുള്ളത് തന്നെ ഏറ്റവും വലിയ എക്‌സ്പിരിയന്‍സാണ്.

അതു പോലെ തന്നെ ഒരു സിനിമയുടെ എ റ്റു സെറ്റ് കാര്യങ്ങളില്‍ ഇന്‍വോള്‍വാകുവാന്‍ സാധിച്ചു എന്നതും മറക്കാനാവാത്ത സംഗതിയാണ്. അദ്ദേഹത്തിന്റെ കൂടെ ഏട്ട് സിനിമകളില്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നത് തന്നെ ഏറ്റവും വലിയ ചലച്ചിത്രാനുഭവവും ചലച്ചിത്ര പഠനവും ആണ്. ഒരു സിനിമ എന്താണ്. അത് എങ്ങനെയാണ് എക്‌സിക്യുട്ട് ചെയ്യുക എന്നതും വിനയന്‍ സാറിന്റെ കൂടെയുള്ള കാലത്താണ് പഠിച്ചത്.

ആദ്യ സിനിമയിലേക്കുള്ള യാത്രാനുഭവം..?

ഒരു പാട് കഷ്ട്ടപാടുകള്‍ക്ക് ശേഷമാണ് എന്റെ ആദ്യ ചിത്രം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ഞാനും ചിത്രത്തിന്റെ തിരക്കഥാകൃത്ത് സക്കീര്‍ മഠത്തിലും ചേര്‍ന്ന് സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞാണ് ഈ ചിത്രം ചെയ്യാന്‍ ഇപ്പോള്‍ സാധിച്ചത്.

അഞ്ച് വര്‍ഷത്തിനിടയില്‍ ഈ തിരക്കഥയുമായി ഞങ്ങള്‍ പലതാരങ്ങളെയും ചെന്ന് കണ്ടു. പലയാളുകള്‍ക്കും പല രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ഈ സിനിമയുമായി സഹകരിക്കാന്‍ പറ്റാതെ പോയതാണ്.

ചിലര്‍ക്ക് സീനിന്റെ നമ്പര്‍ കുറഞ്ഞു പോയി എന്നത് പ്രശ്‌നമായപ്പോള്‍ മറ്റു ചിലര്‍ ഞാന്‍ പുതിയ ആളായതിനില്‍ എന്നെ വിശ്വസിക്കാനുള്ള പ്രയാസത്താല്‍ ഈ ചിത്രവുമായി സഹകരിച്ചില്ല. ഈ ചിത്രത്തിന്റെ കഥ ഞാന്‍ പറഞ്ഞ നിര്‍മ്മാതാക്കള്‍ക്ക് നേരത്തെ ഇഷ്ട്ടമായിരുന്നെങ്കിലും. അവര്‍ നിര്‍ദ്ദേശിച്ചതാരങ്ങള്‍ക്ക് ഈ സിനിമ അത്ര അട്രാക്റ്റീവായി തോന്നിയിരുന്നില്ല അന്ന്.

ശരിക്കു പറഞ്ഞാല്‍ അഞ്ച് വര്‍ഷത്തോളം എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് വിനയന്‍ സാറിന്റെ മകന്‍ സിനിമയില്‍ എത്തി എന്നറിഞ്ഞപ്പോഴാണ് ഈ സിനിമയ്ക്ക് വീണ്ടും ജീവന്‍ വെയ്ക്കുന്നത്. മകന്റെ കാര്യം അദ്ദേഹവുമായി സംസാരിക്കുകയും.അദ്ദേഹം വഴിമകനിലേക്ക് എത്തുകയുമായിരുന്നു.

വിഷ്ണുവിന് ശേഷം ഞങ്ങള്‍ കഥ പറഞ്ഞത് രാധിക ശരത്കുമാറിനോടാണ്. രാധിക മാം കഥ കേട്ടയുടന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു. അവര്‍ കൂടി ഞങ്ങളുടെ ഒപ്പം നില്‍ക്കാം എന്ന് പറഞ്ഞതോടു കൂടിയാണ് ഗാംബിനോസിന് ജീവന്‍ വയ്ക്കുന്നത്. അഞ്ച് വര്‍ഷമായി തിരക്കഥ കൈയ്യില്‍ ഉണ്ടായിരുന്നതുകൊണ്ട് ഞങ്ങള്‍ക്ക് കൃത്യമായി ഹോം വര്‍ക്ക് ചെയ്യാന്‍ സാധിച്ചിരുന്നു. അതു പോലെ തന്നെ തിരക്കഥയില്‍ അപ്‌ഡേഷന്‍സും നടത്തുവാന്‍ കഴിഞ്ഞു.

കോഴിക്കോടായിരുന്നു സിനിമയുടെ ലൊക്കേഷന്‍. കോഴിക്കോടായതു കൊണ്ടു തന്നെ ഷൂട്ടിന് ആവശ്യമായ എല്ലാ വിധത്തിലുള്ള സൗകര്യങ്ങളും എന്റെ സുഹൃത്തുക്കള്‍ വഴി ലഭിക്കുകയുണ്ടായി. അവരോടുള്ള കടപ്പാട് പറഞ്ഞറിക്കാന്‍ പറ്റുന്നതിനും അപ്പുറമാണ്. ഇപ്പോള്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുകയാണ് .ഏറെ പ്രതീക്ഷയോടെ പ്രേക്ഷക പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

സിനിമയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന പുതിയ ആളുകളോട് പറയുവാന്‍ ഉള്ളത്..?

സിനിമയില്‍ എത്തുന്ന പുതിയ ആളുകളോട് ഉപദേശിക്കാന്‍ അല്ല ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ ചില അനുഭവങ്ങള്‍ ഞാന്‍ പറയാം. എന്നും തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ സിനിമ ചെയ്യുന്നതിനെ പറ്റി ചിന്തിക്കുവാന്‍ പാടുള്ളു കാരണം.

തിരക്കഥ പൂര്‍ത്തിയാക്കിയാല്‍ ഷൂട്ടിന് ആവശ്യമായ ഹോം സ്റ്റഡി ചെയ്യാനും കൃത്യമായ രീതിയില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള താരങ്ങളെ തിരഞ്ഞെടുക്കുവാനും നല്ല ടെക്‌നീഷ്യന്‍സിനെ സിനിമയുടെ ഭാഗമാക്കാന്‍ കഴിയും. പ്രൊഡക്ഷന്‍ കോസ്റ്റ് സേവ് ചെയ്യാന്‍ പറ്റും.

ചെറിയ ചിത്രമാണെങ്കില്‍ ഇങ്ങനെ സേവ് ചെയ്യാന്‍ പറ്റുന്ന കോസ്റ്റ് ചിത്രത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഞാന്‍ മനസ്സിലാക്കിയെടുത്തോളം ഹോംവര്‍ക്ക് തന്നെയാണ് സിനിമയുടെ എല്ലാം.

ചെറിയ സമയത്തിനുള്ളില്‍ വലിയ തുക ഇന്‍വെസ്റ്റ്‌മെന്റ് വരുന്നതു കൊണ്ടു തന്നെ വലിയ ഉത്തരവാദിത്തമാണ്. മാത്രമല്ല സംവിധായകന്‍ ആരായാലും സിനിമയുമായി ബന്ധപ്പെട്ട ഓരോ മേഖലയിലും അറിവുണ്ടാവുക എന്നതും വളരെ പ്രധാനപ്പെട്ട സംഗതിയാണ്.

അതു കൊണ്ട് തന്നെ തിരക്കഥ നേരത്തെ പൂര്‍ത്തിയായാല്‍ സിനിമയ്ക്ക് വേണ്ടി കൃത്യമായ ഒരുക്കങ്ങള്‍ നടത്താനുള്ള സമയം ലഭിക്കും. അങ്ങനെ നല്ലൊരു സിനിമ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കഴിയുകയും ചെയ്യും.

ആദ്യ ചിത്രത്തിന്റെ കഥ വന്ന വഴിയും സംവിധായകന്‍ എന്ന നിലയില്‍ ലഭിച്ച എക്‌സ്പീരിയന്‍സും..?

നേരത്തെ പറഞ്ഞതു പോലെ വിനയന്‍ സാറിന്റെ കൂടെ എട്ടോളം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചതിന് ശേഷം വിദേശത്ത് ചെന്ന് സിനിമ പഠിക്കുവാന്‍ ഉള്ള അവസരം ലഭിച്ചു. ന്യൂസിലാന്റില്‍ ചെന്ന് ഫിലിംമേക്കിങ്ങ് കോഴ്‌സ് പഠിച്ചു. അതിന് ശേഷം അവിടെ രണ്ട് മൂന്ന് ഷോട്ട് ഫിലിമുകള്‍ ചെയ്തു. അവിടെ ഉണ്ടായ ഫിലിം ഫെസ്റ്റിവെലില്‍ അത് പ്രദര്‍ശിപ്പിക്കുവാനുള്ള അവസരം ലഭിച്ചു.

പിന്നീട് അവിടെ നടന്ന ആഡ് ഫിലിം കോപറ്റീഷനില്‍ 30 സെക്കന്റ് ആഡ് ചെയ്ത് വിന്നറാകാന്‍ കഴിഞ്ഞു. അതിന് ശേഷം വീണ്ടും സിനിമയെക്കുറിച്ച് പഠിക്കുവാനായി ലോകത്തിലെ ഏറ്റവും നല്ല സിനിമ സ്‌കൂളുകളില്‍ ഒന്നായ ലോസാഞ്ചലസിലെ യൂണിവേഴ്‌സല്‍ സ്റ്റുഡിയോസിലെ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ ചേര്‍ന്നു.

അവിടെ നിന്നെക്കെ ലഭിച്ച എക്‌സ്പീരിയന്‍ അത്രയധികം വലുതാണ്.ആദ്യത്തെ സിനിമയിലേക്ക് ഒരു പാട് എക്‌സ്‌പോഷര്‍ ഉണ്ടാകുമ്പോഴാണ് ഒരു പാട് കാര്യങ്ങളെ പറ്റി ചിന്തിക്കാന്‍ പറ്റുന്നത് അപ്പോള്‍ എങ്ങനെ ഒരു സിനിമ എടുക്കാമെന്ന് ആലോചിക്കുമ്പോഴും മുഖ്യമായും അതില്‍ ആദ്യം ആലോചിക്കുക സിനിമയില്‍ ഉള്ള സസ്‌പെന്‍സാണ്.

ഓരോ സീനിലും ഷോട്ടിലും സസ്‌പെന്‍സ് നിലര്‍ത്തിക്കൊണ്ടുള്ള സിനിമയെക്കുറിച്ചാലോചിപ്പോള്‍; ഒരു ആക്ഷന്‍ മൂഡിലുള്ള സിനിമയായിരിക്കും നല്ലെതെന്ന് തോന്നി. അത് പക്ഷേ വെറും ഒരു ആക്ഷന്‍ മൂഡിലുള്ള ചിത്രമാകാതിരിക്കണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു.

അങ്ങനെയാണ് ക്രൈം മൂഢിലുള്ള ഒരു കഥയായിരിക്കും ഉചിതമെന്ന് തോന്നി അങ്ങനെയാണ്. അങ്ങനെ കഥാബീജം രൂപപ്പെട്ട ഉടനെ. തിരക്കഥയെഴുതിയ സക്കീര്‍ ഭായിയുമായി ഇരുന്നു. അങ്ങനെയാണ് ചിത്രത്തിന്റെ എഴുത്ത് പൂര്‍ത്തിയാക്കുന്നത്. മമ്മയെന്ന കഥാപാത്രം രൂപ മായപ്പോള്‍ തന്നെ മനസ്സില്‍ രാധിക ശരത് കുമാര്‍ ആയിരുന്നു.

തിരക്കഥ പൂര്‍ത്തിയാക്കിയ ഉടനെ അവരെ ചെന്നുകണ്ടു കഥ ഇഷ്ട്ടമായ അവര്‍ ഇങ്ങോട്ട് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയായിരുന്നു. പിന്നീടാണ് വിഷ്ണു അടക്കമുള്ളവരെ കാസ്റ്റ് ചെയ്തത്.അങ്ങനെയായിരുന്നു ചിത്രത്തിന്റെ കാസ്റ്റിങ്ങ് രൂപപ്പെടുന്നതും സിനിമ ആരംഭിക്കുന്നതും.

ആദ്യ സിനിമയായ ‘ഗാംബിനോസ്’ നല്‍കുന്ന എക്‌സ്പീരിയന്‍സ്, പ്രതീക്ഷകള്‍..?

ആദ്യ സിനിമ വളരെ വിലപ്പെട്ട എക്‌സ്പീരിയന്‍സാണ് സമ്മാനിച്ചത്. തിരക്കഥ ആദ്യം തന്നെ പൂര്‍ത്തിയാക്കിയതിനാല്‍ നന്നായി ഹോംവര്‍ക്ക് ചെയ്യാനും കാര്യങ്ങള്‍ നല്ല രീതിയില്‍ നടത്താനും പറ്റി.

മാത്രമല്ല പ്ലാന്‍ ചെയ്തതിനേക്കാളും കുറഞ്ഞ ബഡ്ജറ്റില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. മാത്രമല്ല 30 ദിവസത്തെ ചിത്രീകരണം പ്ലാന്‍ ചെയ്തത് 26 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു എന്നതും വലിയ നേട്ടമായി. കൃത്യമായ പ്ലാനിങ്ങാണ് അതിന് എല്ലാം സഹായകമായത്.

കൂടാതെ സിനിമ എപ്പോഴും കഥ പറയുക എന്നതാണ്. കഥ പറയുക എന്നതില്‍ നിന്ന് മാറാതെയാണ് ചിത്രീകരിച്ചത് അനാവശ്യമായ ഗാനരംഗങ്ങളോ മറ്റു സീനുകളോ ഉള്‍പ്പെടുത്താതെ നല്ല രീതിയില്‍ കഥ പറയുക എന്ന ശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്.

പത്മരാജനെ പോലെയുള്ള ലജന്റുകളെയാണ് കഥ പറയുന്ന രീതിയില്‍ മാതൃകയാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുള്ളത്. അതും വലിയൊരു എക്‌സ്പീരിയന്‍സാണെന്ന് പറയാം. അതുപോലെ ആര്‍ട്ടിസ്റ്റുകളുമായുള്ള കോഡിനേഷന്‍ തന്നെ വളരെ നന്നായിരുന്നു.അവര്‍ തന്ന നല്ല ഇന്‍പുട്ടുകളും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്.

മാത്രമല്ല പോസ്റ്റ് പ്രൊഡക്ഷന്‍ മുഴുവനായും ഞാന്‍ തന്നെയാണ് ഹാന്റില്‍ ചെയ്തത്.മുന്‍പ് പഠിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് അതിന് സാധിച്ചത്. മാത്രമല്ല പ്രമോഷനും ചിത്രത്തിനു വേണ്ടി നന്നായി തന്നെ ചെയ്യാന്‍ സാധിച്ചിട്ടുണ്ട് എന്നതും ഭാഗ്യമായി കരുതുന്നു. ശരിക്കും ഒരു വലിയ പഠനവും എക്‌സ്പീരിയന്‍ സുമാണ് ആദ്യ ചിത്രം തന്നതെന്ന് പറയാം.

ഇനി സിനിമയെ ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്നതിനായാണ് കാത്തിരിക്കുന്നത്. അതിന്റെ തായ ടെന്‍ഷനും ഉണ്ടെന്ന് പറയാം. *ആദ്യ സിനിമയ്ക്ക് ശേഷം* ഇപ്പോഴത്തെ ഒരു വലിയ ചിന്ത ഈ ചിത്രം തീയറ്ററില്‍ ജനങ്ങള്‍ എങ്ങനെയാണ് സ്വീകരിക്കുന്നത് എന്നതാണ് ഞാന്‍ മുന്നോട്ട് നോക്കി കാണുന്നത്.അടുത്ത സിനിമയുടെ തിരക്കഥയും മറ്റും പ്ലാനിങ്ങിലാണ് അത് ഓസ്‌ട്രേലിയന്‍ ബെയിസ്ഡ് ആയുള്ള ചിത്രമാണ്.

അഞ്ചാറു വര്‍ഷമായി ഞാന്‍ അവിടെയാണ് താമസ്സിക്കുന്നത്. അവിടെ വച്ച് ഒരു ചിത്രം എങ്ങനെ നന്നായി ചെയ്യാം എന്ന് പഠിച്ചു കൊണ്ടാണ് തിരിക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്.2019 നവംമ്പറില്‍ ചിത്രീകരണം തുടങ്ങി 2020ല്‍ പ്രദര്‍ശനത്തിന് എത്തിക്കുവാനാണ് ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നത്.

അതിന്റെ വിശദവിവരങ്ങള്‍ വഴിയെതന്നെ ഏവരെയും അറിയിക്കുന്നതാണ്. എന്തായാലും ആദ്യ സിനിമയുടെ റിസള്‍ട്ടിനായാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News