”അഭിനന്ദനെ വിട്ടയച്ചത് നാണക്കേട്; കശ്മീരിലെ ജിഹാദിനെ പാക് സര്‍ക്കാര്‍ പിന്തുണയ്ക്കണം”; ജെയിഷ് ഇ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ പുറത്ത്

ദില്ലി: ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് കൂടുതല്‍ സ്ഥിരീകരണവുമായി വീണ്ടും ജെയിഷ് ഇ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ. അഭിനന്ദനെ വിട്ടയച്ചത് നാണക്കേടായെന്ന് ശബ്ദരേഖയില്‍ പറയുന്നു.

ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് കൂടുതല്‍ സ്ഥിരീകരണവുമായാണ് ജെയിഷ് ഇ മുഹമ്മദ് നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നത്. ആക്രമണം നടന്നെന്നും എന്നാല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഈ ശബ്ദരേഖയില്‍ പറയുന്നു.

അഭിനന്ദനെ വിട്ടയച്ചത് നാണക്കേടായെന്നും കശ്മീരിലെ ജിഹാദിനെ പാക് സര്‍ക്കാര്‍ പിന്തുണയ്ക്കണമെന്നും ജെയ്ഷെ മുഹമ്മദ് നേതാക്കള്‍ പറയുന്നതും ഈ ശബ്ദരേഖയില്‍ വ്യക്തമാണ്. പെഷവാറില്‍ നടന്ന ജെയ്ഷെ മുഹമ്മദ് യോഗത്തിലെ പ്രസംഗമാണ് ഇതെന്നാണ് കണക്ക്കൂട്ടല്‍.

അതേസമയം, തുടര്‍ച്ചയായ മൂന്നാം ദിവസവും ഹന്ദ്വാരയില്‍ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടുകയാണ്. ഹന്ദ്വാരയിലെ ബാബാഗുണ്ടിലാണ് ഏറ്റുമുട്ടല്‍. കഴിഞ്ഞ ദിവസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.

ഇതോടെ മേഖലയില്‍ ഇതേവരെ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സിആര്‍പിഎഫുകാരും രണ്ട് ജമ്മു കശ്മീര്‍ പൊലീസുകാരും ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ഇതിനിടെ രൂക്ഷമായ ഷെല്ലാക്രമണവും ഏറ്റുമുട്ടലും നടക്കുന്ന പൂഞ്ച് രജൗരി ജില്ലകളില്‍ 200 വീതം സൈനിക ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഒരുമാസത്തിനിടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

അതേസമയം, വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ആരോഗ്യം മെച്ചപ്പെട്ടാല്‍ ഇന്ന്് ഡീബ്രീഫിംഗ് നടപടികള്‍ ആരംഭിക്കും. പാക് സൈനികര്‍ മാനസികമായി പീഡിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യോമസേന അധികൃതരെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here