മസൂദ് അസര്‍ പാക്കിസ്താനില്‍ ജീവിച്ചിരിക്കുന്നു; മരണവാര്‍ത്ത വ്യാജമെന്ന് പാക്കിസ്താന്‍ മീഡിയ

ദില്ലി:ഇന്ത്യ തിരയുന്ന കൊടുംഭീകരന്‍ മസൂദ് അസര്‍ പാക്കിസ്താനില്‍ ജീവിച്ചിരിപ്പുണ്ടെന്നും അസറിന്റെ മരണവാര്‍ത്ത വ്യാജമെന്നും പാക്കിസ്താനി മീഡിയ. അസറിന്റെ ഏറ്റവും അടുത്ത കുടുംബം ഇക്കാര്യം സ്ഥിരീകരിച്ചതായാണ് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അസര്‍ മരിച്ചെന്നത് ജെയ്ഷെ ഇമുഹമ്മദും നേരത്തെ തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തയെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദിന്റെ സ്ഥാപകനേതാവാണ് ഇന്ത്യ തിരയുന്ന മസൂദ് അസര്‍. പുല്‍വാമ ആക്രമണത്തില്‍ അസറിന്റെ പങ്കിനെക്കുറിച്ച് ഇന്ത്യ ആഗോള തലത്തില്‍ വ്യകതമാക്കുകയും തെളിവുകള്‍ കൈമാറുകയും ചെയ്തിരുന്നു.

അതിനിടെ അസദിന്റെ മരണം നേരത്തെ സോഷ്യല്‍ മീഡ്യയിലൂടെ പ്രചരിച്ചിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ ഗവര്‍മെന്റ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

അസദിന്റെ മരണത്തെ സംബന്ധിക്കുന്ന കാര്യങ്ങളൊന്നും അറിയില്ലെന്നാണ് നേരത്തെ പാക്കിസ്താന്‍ മന്ത്രി ഫവാദ് ചൗധരി പിടിഐയോട് പ്രതികരിച്ചത്.

1999 ലാണ് ഇന്ത്യ മൗലാന മസൂദ് അസറിനെ വിട്ടയക്കുന്നത്. അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം ഭീകരര്‍ റാഞ്ചുകയും മോചനത്തിനായി ഇന്ത്യയ്ക്ക് അസദിനെ വിട്ടയക്കേണ്ടിവരികയുമായിരുന്നു. പാക്കിസ്താനിലെത്തിയ അസര്‍, ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് സ്ഥാപിച്ചു.

ജമ്മു കാശ്മീര്‍ നിയമസഭയിലുണ്ടായ ചാവേര്‍ ആക്രമണം, 2001 ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, പാത്താന്‍ കോട്ട് ആക്രമണം, പുല്‍വാമ ഭീകരാക്രമണം ഇവയ്‌ക്കെല്ലാം പിന്നില്‍ ജെയ്‌ഷെ ആണെന്ന് വ്യക്തമായിരുന്നു.

മസൂദ് അസറിന്റെ മരണം സംബന്ധിച്ച് വ്യക്തതയില്ലെന്നും ഇക്കാര്യം ഇന്റലിജന്‍സ് വിഭാഗം പരിശോധിച്ച് വരികയാണെന്നും ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. നേരത്തെ സി എന്‍ എനുമായി നടത്തിയ അഭിമുഖത്തില്‍, പാക്കിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹബൂബ് ഖുറേഷി പാക്കിസ്താനില്‍ മസൂദ് അസറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

അസര്‍ രോഗബാധിതനാണെന്നും പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത രീതിയില്‍ രോഗബാധിതനാണെന്നുമായിരുന്നു ഖുറേഷി വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here