മുബൈ: പതിനൊന്നു വയസ്സുകാരനെ തട്ടിക്കൊണ്ടു പോയി മോചന ദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിലെ പ്രതി യെ കണ്ട് ഞെട്ടി പൊലീസ്. താനെയിലെ ഭിവണ്ടിയിലാണ് സംഭവം.

സ്കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി വീട്ടുകാരോട് മോചന തുക ആവശ്യപ്പെട്ടത് 17 വയസ്സുള്ള ഒരു പെണ്‍കുട്ടി. ‘ആറ് ലക്ഷം നല്‍കണമെന്നും ഇല്ലെങ്കില്‍ കുട്ടിയെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.

സ്കൂള്‍ ക‍ഴിഞ്ഞ്, ട്യൂഷന്‍ ക്ലാസില്‍ പോയ ആണ്‍കുട്ടിയെ കാണാതാകുകയായിരുന്നു.
തുടര്‍ന്ന് രാത്രി വീട്ടിലേക്ക് എത്തിയ സ്ത്രീ ശബ്ദത്തിലുള്ള ഫോണ്‍ സന്ദേശത്തില്‍ കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ ആറ് ലക്ഷം രൂപ നല്‍കണമെന്നും അതല്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണി സന്ദേശമെത്തി.

ഫോണിലെത്തിയ സന്ദേശത്തെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കാനായി, പോകും വ‍ഴി കുട്ടിയെ വ‍ഴിയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയതായിരുന്നു ബാലന്‍. തുടര്‍ന്നാണ് തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ പെണ്‍കുട്ടിയാണെന്ന് വ്യക്തമായത്.

തുടര്‍ന്ന് പൊലീസ് ഇടപെട്ട് തുക പെണ്‍കുട്ടി പറഞ്ഞിടത്ത് എത്തിയ്ക്കുകയും ബുര്‍ഖ ധരിച്ച് ബാഗ് എടുക്കാനെത്തിയ പെണ്‍കുട്ടിയെ പിടികൂടുകയുമായിരുന്നു. പണത്തിന് വേണ്ടിയാണ് തട്ടിക്കൊണ്ടു പോകല്‍ നടത്തിയതെന്നും കുടുംബത്തെ നേരത്തെ അറിയാമായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനോട് വ്യക്തമാക്കി.