വിദേശത്ത് നിന്ന് ജോലി ഉപേക്ഷിച്ച് പോന്നതിന്‍റെ കുറ്റപ്പെടുത്തല്‍ മറികടക്കാന്‍ തട്ടികൊണ്ട് പോകല്‍ നാടകം കളിച്ച് യുവാവ്. വീട്ടുക്കാരുടേയും സുഹൃത്തുകളുടേയും സഹതാപം പിടിച്ചുപറ്റുകയായിരുന്നു യുവാവിന്‍റെ ലക്ഷ്യം.

ഇന്നലെ പുലര്‍ച്ചെയാണ് മുള്ളരിങ്ങോട് സ്വദേശിയായ യുവാവിനെ കൈയും കാലും കെട്ടിയ നിലയില്‍ മൂവാറ്റുപുഴയാറിന്റെ തീരത്ത് പൊലീസ് സ്റ്റേഷന് മുന്നിലെ കടവില്‍ നിന്ന് കണ്ടെത്തിയത്.

പ്രഭാത സവാരിക്കെത്തിയവരാണ് യുവാവിനെ കണ്ടെത്തിയത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു സംഘം ആളുകള്‍ കാറില്‍ തട്ടിക്കൊണ്ടുപോയെന്നും മര്‍ദിച്ച്‌ അവശനാക്കിയെന്നും അതിന് ശേഷം എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നുമായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.

തുടര്‍ന്ന് കൊലയാളി സംഘത്തിന് വേണ്ടി പൊലീസ് ഊര്‍ജിത തിരച്ചില്‍ നടത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടൈ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.

ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. തുടര്‍ന്നാണ് എല്ലാം കെട്ടുകഥയാണെന്ന് പൊലീസിന് മനസിലായത്.

വിദേശത്തേക്ക് പോയ ഇയാള്‍ ജോലി ഉപേക്ഷിച്ച്‌ തിരികെ നാട്ടില്‍ എത്തിയതിലുള്ള ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും എതിര്‍പ്പ് മറികടക്കാന്‍ വേണ്ടിയാണ് നാടകം നടത്തിയത്.

ഇയാള്‍ വായ്പ വാങ്ങിയിരുന്നവര്‍ക്ക് പണം തിരികെ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി നീട്ടിക്കിട്ടുക എന്ന ഉദ്ദേശവും ഇയാള്‍ക്കുണ്ടായിരുന്നു.