ക്രിക്കറ്റ് ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിനെയും ആരാധകരെയും ഞെട്ടിക്കുന്ന നിര്‍ദേശവുമായി മുന്‍ ക്യാപ്റ്റന്‍ അജയ് ജഡേജ. വിരാട് കോഹ്ലിക്ക് പകരം ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ്ങ് ധോണി ലോകകപ്പില്‍ ഇന്ത്യയെ നയിക്കണമെന്ന് ജഡേജയുടെ അഭിപ്രായപ്പെട്ടു.

ലോകകപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലോകകപ്പിന് മാത്രം ധോണി ക്യാപ്റ്റനാകണം. ലോകകപ്പിന് ശേഷം കോഹ്ലി തന്നെ നായകനായി തിരികെയെത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍സി മികവ് പരിഗണിച്ചാണ് ഈ നിര്‍ദേശമെന്നും ജഡേജ വ്യക്തമാക്കി.

ഏകദിന ക്രിക്കറ്റ് ക്യാപ്റ്റന്‍സിയില്‍ ധോണിയെ വെല്ലാന്‍ മറ്റാരുമില്ലെന്ന് പന്തയത്തിന് താന്‍ തയ്യാറാണെന്നും ജഡേജ പറയുന്നു. ഇത്രയുമധികം അനുഭവസമ്പത്തും ക്യാപ്റ്റന്‍സി മികവുമുള്ള ധോണി ടീമിലുള്ളപ്പോള്‍ ലോകകപ്പ് പോലൊരു വലിയ വേദിയില്‍ കോഹ്ലിയെ ചുമതലയേല്‍പ്പിക്കണോ എന്നും ജഡേജ ചോദിച്ചു.

ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിജയം നേടി തന്ന ക്യാപ്റ്റനാണ് ധോണി. 2017ലാണ് ധോണി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞത്.

ഐ.സി.സിയുടെ മൂന്ന് പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും കിരീടം നേടിയ ഏക ക്യാപ്റ്റനെന്ന നേട്ടം സ്വന്തമാക്കിയതിന് ശേഷമായിരുന്നു ധോണി സ്ഥാനമൊഴിഞ്ഞത്. 2007ലെ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ നേടിയത് ധോണിയുടെ കീഴിലായിരുന്നു.

ജഡേജയുടെ ലോകകപ്പ് ടീം

രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിരാട് കോഹ്ലി, എം എസ് ധോണി( ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അമ്പട്ടി റായിഡു, ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂംമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍