വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ച് പാക്കിസ്താന്‍; ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു

വ്യോമാതിര്‍ത്തി ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്റെ പ്രകോപനം. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച പാക്ക് ഡ്രോണ്‍ ഇന്ത്യ വെടിവച്ചിട്ടു.

രാവിലെ പതിനൊന്ന് മുപ്പതിനാണ് സംഭവം.ഡ്രോണ്‍ വിമാനവശിഷ്ടങ്ങള്‍ പാക്കിസ്ഥാന്‍ ഭാഗത്ത് വീണു. സ്‌പൈഡര്‍ മിസൈലുമായാണ് പാക്ക് ഡ്രോണ്‍ എത്തിയതെന്ന് സംശയം.

അതേ സമയം ബലാക്കോട്ടില്‍ ഇന്ത്യാ വ്യോമാക്രമണം നടത്തുന്ന സമയത്ത് 300 ഓളം മൊബൈലുകള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി.

27 ആം തിയതിയിലെ വ്യോമാക്രമണത്തിന് ശേഷം വീണ്ടും ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കാനാണ് പാക്ക് ശ്രമം നടന്നിരിക്കുന്നത്.

ഇത്തവണ കാശ്മീര്‍ അതിര്‍ത്തിയില്‍ നിന്ന് മാറി രാജസ്ഥാനിലെ കച്ച് മേഖലയ്ക്ക് മുകളിലെ വ്യോമാതിര്‍ത്തിയില്‍ ആളില്ലാ വിമാനമാണ് ഇന്ത്യന്‍ ഭാഗത്തേയ്ക്ക് പാക്കിസ്ഥാന്‍ കടത്തി വിടാന്‍ ശ്രമിച്ചത്.

സ്‌പൈഡന്‍ മിസൈലും വഹിച്ച് പാക്കിസ്ഥാനില്‍ നിന്നും ഉയര്‍ന്ന് പൊങ്ങിയ ആളില്ലാ വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ റഡാറുകള്‍ കണ്ടെത്തി.

തുടര്‍ന്ന് സുഖോയ് വിമാനങ്ങള്‍ ഉപയോഗിച്ച് ബിക്കനീര്‍ നാല്‍ സെക്ടറിന് മുകളില്‍ വച്ച് ഡ്രോണ്‍ അതിര്‍ത്തി കടക്കും മുമ്പ് തകര്‍ത്തിട്ടു.

ആകാശത്ത് നിന്ന് തൊടുക്കാവുന്ന മിസൈലുകളാണ് ഉപയോഗിച്ചതെന്ന് വ്യോമസേന കേന്ദ്രങ്ങള്‍ വ്യക്തമാക്കി. രാവിലെ 11.30 നാണ് അതിര്‍ത്തി കടക്കാന്‍ ശ്രമം ഉണ്ടായത്.

എന്നാല്‍ ഡ്രോണുകള്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പാക്കിസ്ഥാന്‍ പറഞ്ഞു. അതേ സമയം ഇന്ത്യ നടത്തിയ വ്യോമാക്രമണ സമയത്ത് ബലാകോട്ടിലെ ജയിഷ മുഹമ്മദിന്റെ താവളത്തില്‍ 300ലേറെ മൊബൈല്‍ ഫോണുകള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തി.

വ്യോമാക്രമണത്തിന് മുമ്പ് നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ നടത്തിയ പരിശോധനയില്‍ ഇത് കണ്ടെത്തിയ ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News