തിരുവനന്തപുരം: ഫിലമെന്റ്, സിഎഫ്എൽ ബൾബുകൾക്ക് പകരം ഇനി എൽഇഡി ബൾബുകൾ. സർക്കാറിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് എൽഇഡി ബൾബുകൾ വിതരണം ചെയ്യുന്നത്.

കാര്യക്ഷമമായ ഊര്‍ജ്ജ ഉപഭോഗത്തിലൂടെ ഊര്‍ജ്ജ ലഭ്യത ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ല്യക്തമാക്കിയത്.

സാധാരണ ഫിലമെന്റ് ബള്‍ബുകള്‍ക്കും സിഎഫ്എല്ലുകള്‍ക്കും പകരം ഊര്‍ജ്ജക്ഷമത കൂടിയതും കൂടുതല്‍ പ്രകാശം നല്‍കുന്നതുമായ എല്‍ഇഡി ബള്‍ബുകള്‍ വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി കെഎസ്ഇബി വൈദ്യുതി ഉപഭാേക്താക്കള്‍ക്ക് ഗുണമേന്മയുള്ള എൽഇഡി ബള്‍ബുകള്‍ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യും.

വില തവണകളായി വൈദ്യുതി ബില്ലിനോടൊപ്പം അടക്കുവാനുള്ള സൗകര്യവും നൽകും. തദ്ദേശ സ്ഥാപനങ്ങളുടേയും കുടുംബശ്രീ സംഘങ്ങളുടേയും സഹായത്തോടെ ഉപഭോക്താക്കളുടെ കൈവശമുള്ള സാധാരണ ബള്‍ബുകളും സിഎഫ്എല്ലുകളും തിരിച്ചെടുത്ത് സുരക്ഷിതമായി നശിപ്പിക്കാനും ഈ പദ്ധതിയില്‍ ലക്ഷ്യമിടുന്നുണ്ട്