കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്; കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രവി പൂജാരി മുഖ്യപ്രതിയായ കേസില്‍ ആദ്യ ഘട്ട കുറ്റപത്രമാണ് എറണാകുളം എ സി ജെ എം കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്.

ഭീഷണിപ്പെടുത്തി പണംതട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു വെടിവെപ്പെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ബൈക്കിലെത്തി വെടിയുതിര്‍ത്ത യുവാക്കളെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.

നടി ലീനാ മരിയാ പോളിന്‍റെ കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത സംഭവത്തിന്‍റെ മുഖ്യ സൂത്രധാരന്‍ മുംബൈ അധോലോക നേതാവ് രവി പൂജാരിയാണെന്ന് ക്രൈംബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.

മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ യുവാക്കള്‍ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിവെച്ചത് ലീനാ മരിയാ പോളിനെ ഭീഷണിപ്പെടുത്താനായിരുന്നുവെന്നും കുറ്റപത്രം പറയുന്നു.ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പൂജാരിയുടെ ശ്രമം.

കേസില്‍ പൂജാരി മൂന്നാം പ്രതിയാണ്.ഇയാള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ഉള്‍പ്പടെ ചുമത്തിയിട്ടുണ്ട്.വെടിയുതിര്‍ത്ത കണ്ടാലറിയാവുന്ന യുവാക്കളാണ് ഒന്നും രണ്ടും പ്രതികള്‍.

ഗൂഢാലോചനക്കു പിന്നില്‍ പ്രവര്‍ത്തിച്ച ചിലരെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു. ക്രൈംബ്രാഞ്ച് തയ്യാറാക്കിയ ആദ്യഘട്ട കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കുന്നത്.

ക‍ഴിഞ്ഞ ഡിസംബര്‍ 15 നാണ് കടവന്ത്രയിലെ ബ്യൂട്ടി പാര്‍ലറിനു നേരെ വെടിയുതിര്‍ത്ത ശേഷം രണ്ട് യുവാക്കള്‍ കടന്നുകളഞ്ഞത്. ഇവരെ ഇതുവരെ പിടികൂടാന്‍ ക‍ഴിഞ്ഞിട്ടില്ല.

രവി പൂജാരിയുടെ പേരെ‍ഴുതിയ കുറിപ്പ് സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിരുന്നു.സ്ഥാപനമുടമ ലീനാ മരിയാ പോളില്‍ നിന്ന് രണ്ട് തവണ പോലീസ് മൊ‍ഴിയെടുക്കുകയും ചെയ്തിരുന്നു.25 കോടി രൂപ ആവശ്യപ്പെട്ട് തനിക്ക് രവി പൂജാരിയില്‍ നിന്ന് പലതവണ ഭീഷണി ഫോണ്‍ കോള്‍ വന്നിരുന്നുവെന്നാണ് ലീന മൊ‍ഴി നല്‍കിയത്.

ശബ്ദം പരിശോധിച്ചതില്‍ നിന്ന് ലീനയെ വിളിച്ചത് രവി പൂജാരിയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തു.ഇതിനിടെ പൂജാരി സെനഗലില്‍ പിടിയിലായി.

എന്നാല്‍ ഇയാളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.ഈ സാഹചര്യത്തിലാണ് ക്രൈെ ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here