മോദിയുടെ ഉദ്ഘാടന പരിപാടികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദ്ഘാടന പരിപാടികള്‍ അവസാനിക്കാന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നുവെന്ന് ആക്ഷേപം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഉദ്ഘാടനത്തിരക്കിലാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും. എട്ടാം തീയതി വരെ മോദി ഉദ്ഘാടന തിരക്കിലാണ്. സര്‍ക്കാരിന്റെ ഉദ്ഘാടനങ്ങളും പ്രഖ്യാപനങ്ങളും അവസാനിച്ച് 9ാം തീയതി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത

2014 മാര്‍ച്ച് 5നാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉദ്ഘാടന പരിപാടികള്‍ അവസാനിക്കാന്‍ വേണ്ടിയെന്നാണ് ആക്ഷേപം. കേന്ദ്രമന്ത്രിസഭായോഗം വ്യാഴാഴ്ച നടക്കുന്നതും പ്രഖ്യാപനം വൈകിപ്പിക്കാന്‍ കാരണമാകുന്നു.

കഴിഞ്ഞ ഒരാഴ്ചയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന പരിപാടികളുടെ തിരക്കിലാണ്. തമിഴ്നാട്,ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച മോദിക്ക് ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി ഈ ആഴ്ച 59000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനങ്ങളുണ്ട്.

8ന് മീററ്റ് റാപിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റമാണ് മോദി ഉദ്ഘാടനം ചെയ്യുന്ന അവസാന പദ്ധതി. ഈ പരിപാടിയും കഴിഞ്ഞ ശേഷമേ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയുള്ളൂ. ഏഴിന് കേന്ദ്രമന്ത്രിസഭാ യോഗവുമുണ്ട്. യോഗത്തില്‍ 13 റോസ്റ്റര്‍ വിഷയത്തില്‍ തീരുമാനം പുഃനപരിശോധിച്ചേക്കും.

മറ്റ് പ്രഖ്യാപനങ്ങളും ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാല്‍ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനാകില്ല. അതിനാല്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സമയം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതെന്നാണ് മറ്റൊരു വിമര്‍ശനം. മോദിയുടെ ഉദ്ഘാടനപരിപാടികള്‍ അവസാനിക്കാനായി തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ രംഗത്തെത്തി.

ഇപ്പോള്‍ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തിരികെ വന്നയുടന്‍ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരും. പിന്നാലെ പ്രഖ്യാപനവും നടത്തും. നിലവിലെ സാഹചര്യത്തില്‍ മോദിയുടെ അവസാന ഉദ്ഘാടനവും കഴിഞ്ഞ് 9നോ 9ന് ശേഷമോ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here