കുടിവെള്ള ക്ഷാമവും വരള്‍ച്ചയും നേരിടാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

കുടിവെള്ള ക്ഷാമവും വരൾച്ചയും നേരിടാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ ജനകീയ സമിതികൾ രൂപികരിക്കാനും തീരുമാനം.

ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫസൻസിന്‍റേതാണ് തീരുമാനം. കുടിവെള്ള സ്രോതസുകൾ സംരക്ഷിക്കാൻ വിപുലമായ ബോധവത്കരണം നടത്താനും തീരുമാനമായി.

കടുത്ത വരൾച്ചയെ നേരിടുന്നതിനും വേനൽക്കാല ജലവിനിയോഗവും വിതരണവുമായി ബന്ധപ്പെട്ടായിരുന്നു ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫസൻസ് നടത്തിയത്. കുടിവെള്ളക്ഷാമവും വരൾച്ചയും നേരിടാൻ മുൻകരുതൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

ജലസംഭരണികളിൽ വെള്ളം കുറയുന്നത് നേരിടാൻ നടപടി. മനുഷ്യർക്കൊപ്പം പക്ഷിമൃഗാദികൾക്കും കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണം. കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വരൾച്ചാ പ്രവർത്തനങ്ങൾക്കുമായി തദ്ദേശസ്ഥാപനം മുതൽ ജില്ലാതലം വരെ ജനകീയ സമിതികൾ രൂപീകരിക്കണം.

ജലവിഭവ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ദ്രുതകർമ സേനയ്ക്ക് രൂപം നൽകാനും തീരുമാനമായി. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.

വെള്ളം പാഴാക്കാതിരിക്കാനും കുടിവെള്ള സ്രോതസുകൾ സംരക്ഷിക്കാനും വിപുലമായ ബോധവത്കരണം നടത്താനും തീരുമാനമായി. ജലസ്രോതസുകളിലെ മലിനീകരണം തടയാൻ ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കണം.

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കാൻ നല്ല മുന്നൊരുക്കം വേണമെന്ന് മുഖ്യമന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ഉപേക്ഷിക്കപ്പെട്ട ക്വാറികളെ ജലസ്രോതസായി വിനിയോഗിക്കണം. കുടിവെള്ള വിതരണ ടാങ്കറുകളുടെ ശുചിത്വം ഉറപ്പാക്കണം.

ജലസ്രോതസുകളുടെ സംരക്ഷണത്തിനും ശുചീകരണത്തിനും ഉടനടി നടപടിയെടുക്കണം. നാണ്യവിളകൾക്ക് വെള്ളം എത്തിക്കാൻ കൃഷിവകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കണം.

കുടിവെള്ളത്തിന്റെ ദുരുപയോഗം തടയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ. സി. മൊയ്തീൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News