സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആശ്വാസനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍

കാര്‍ഷിക വായ്പകളിലെ മൊറൊട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

വിവിധ ബാങ്കുകളില്‍ നിന്ന് കര്‍ഷകരെടുത്ത വായ്പകളിലും കാര്‍ഷികേതര വായ്പകള്‍ക്കും മൊറൊട്ടോറിയം ബാധകമായിരിക്കും.

സംസ്ഥാനത്തെ കര്‍ഷകരെടുത്ത വായ്പ മേലുള്ള ജപ്തി നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം 2019 ഡിസംബര്‍ മുപ്പത്തൊന്ന് വരെ ദീര്‍ഘിപ്പിക്കാനാണ് പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.
കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ നടപടി പ്രകാരം സംസ്ഥാനത്ത് 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിച്ചിരുന്നത്.

വയനാട് ജില്ലയില്‍ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകള്‍ക്കാണ് ആനുകൂല്യം ലഭിച്ചിരുന്നത്. ഈ കാലാവധിയാണ് ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ദീര്‍ഘിപ്പിക്കാന്‍ തീരുമാനമായത്.

ഇത് പ്രകാരം 2011 ഒക്ടോബര്‍ 31 വരെയുണ്ടായിരുന്ന സമയ പരിധി 2014 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പ്രളയത്തില്‍ കര്‍ഷകര്‍ക്ക് കനത്ത നാശനഷ്ടമുണ്ടായ ഇടുക്കി, വയനാട് ജില്ലകളില്‍ ഇത് 2018 ഓഗസ്റ്റ് 31 വരെയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളിലെ 2018 ഓഗസ്റ്റ് 31 വരെയുള്ള കാര്‍ഷിക കടങ്ങള്‍ക്ക് മൊറോട്ടോറിയം ബാധകമാകും.
അതോടൊപ്പം കാര്‍ഷിക കടാശ്വാസ വായ്പാ പരിധി ഉയര്‍ത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കാര്‍ഷിക കടാശ്വാസ കമീഷന്‍ വായ്പാ പരിധി സര്‍ക്കാര്‍ ഇരട്ടിയാക്കി. 50000 രൂപയ്ക്ക് മേലുള്ള കുടിശികക്ക് കാര്‍ഷിക കടാശ്വാസ കമീഷന്‍ നല്‍കുന്ന ആനുകൂല്യം ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്താനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here