ഓസ്‌ട്രേലിയക്കെതിരായ രണ്ടാം എകദിന മത്സരത്തില്‍ ഇന്ത്യക്ക് ആവേശോജ്ജ്വലമായ വിജയം. ഇന്ത്യ ഉയര്‍ത്തിയ 251 റണ്‍സ് പിന്തുടര്‍ന്ന കംഗാരുകള്‍ 49.3 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു.

അവസാന ഓവറില്‍ 11 റണ്‍സ് വേണ്ടിയിരുന്ന സ്ഥാനത്ത് ഓസ്‌ട്രേലിയക്ക് 2 റണ്‍സ് മാത്രം ആണ് എടുക്കാന്‍ കഴിഞ്ഞത്. അവസാന ഓവര്‍ എറിഞ്ഞ വിജയ ശങ്കര്‍ രണ്ടു വിക്കറ്റ് നേടി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

നേരത്തെ പരാജയത്തിലേക്ക് കൂപ്പു കുത്തിയ ഇന്ത്യയെ തന്റെ അവസാന രണ്ടു ഓവറില്‍ വെറും 3 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ പിഴുത ജസ്പ്രീത് ബൂംറയാണ് പുതുജീവന്‍ നല്‍കിയത്.

ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് മൂന്ന്, ജാദവ് ഒന്ന്, ജഡേജ ഒന്ന് എന്നിവര്‍ വിക്കറ്റുകള്‍ നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലി സെഞ്ച്വറി നേടിയിരുന്നു. കോഹ്ലിയുടെ ഇന്നിംഗ്‌സിന്റെ ബലത്തിലാണ് ഇന്ത്യ 250 റണ്‍സെന്ന പൊരുതാവുന്ന സ്‌കോറിലെത്തിയത്. നാലു വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സ് ആണ് ഇന്ത്യയെ തകര്‍ച്ചയിലേക്ക് തള്ളി വിട്ടത്.