എച്ച് ഐ വിയെ ചെറുത്ത് തോല്‍പ്പിച്ച് എയിഡ്‌സ് ബാധിതര്‍ക്ക് പ്രതീക്ഷയാകുകയാണ് ലണ്ടന്‍ സ്വദേശി. ലോകത്തില്‍ തന്നെ എച്ച്‌ഐവിയില്‍ നിന്നും പൂര്‍ണ്ണമായും മുക്തി നേടുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇയാള്‍.

2003ല്‍ ആണ് ലണ്ടന്‍ സ്വദേശിയായ വ്യക്തിയില്‍ എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. 2012ല്‍ എച്ച്‌ഐവിയെ പ്രതിരോധിക്കാുള്ള ചികിത്സ തുടങ്ങി. ചികിത്സയ്ക്കിടെ 2016 ല്‍ കാല്‍സര്‍ ബാധിതനാണെന്നും കണ്ടെത്തുകയായിരുന്നു.

രക്തത്തിലെ ശ്വേത രക്താണുക്കളെ ബാധിക്കുന്ന ഹോഡ്കിന്‍ ലിംഫോമ എന്നറിയപ്പെടുന്ന കാന്‍സര്‍ പിടിപെട്ടതോടെ കാന്‍സര്‍ ചികിത്സയ്‌ക്കൊപ്പം എച്ച്‌ഐവിയെ പ്രതിരോധിക്കാന്‍ മജ്ജയിലെ വിത്തുകോശങ്ങള്‍ മാറ്റി വച്ച് പരീക്ഷിക്കുകയായിരുന്നു.

ഇതിനായി എച്ച്‌ഐവി പ്രതിരോധ ശേഷിയുള്ള വ്യക്തിയില്‍ നിന്നും 3 വര്‍ഷത്തോളം മജ്ജയിലെ സ്‌റ്റെം സെല്‍സ് സ്വീകരിക്കുകയായിരുന്നു.

ജനിതക വ്യതിയാനം വഴി എച്ച ഐവി പ്രതിരോധ ശേഷി നേടിയ വ്യക്തിയില്‍ നിന്നുമാണ് രോഗി വിത്തുകോശങ്ങള്‍ സ്വീകരിച്ചത്.

മൂന്ന് വര്‍ഷത്തോളം മജ്ജ മാറ്റിവച്ചും പ്രതിരോധ മരുന്നുകള്‍ ഉപയോഗിച്ചും നടത്തിയ ചിക്തിസ ഫലം കാണുകയായിരുന്നു.

രോഗിയില്‍ നടത്തിയ പരിശോധനയില്‍ എച്ച്‌ഐവി വൈറസുകളുടെ സാന്നിധ്യം പൂര്‍ണ്ണമായും അപ്രത്യക്ഷമായതായി കണ്ടെത്തുകയും ചെയ്തു.

‘നിലവില്‍ തിരിച്ചറിയാനാകുന്ന ഒരു വൈറസിനെയും രോഗിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ചികിത്സാ സംഘത്തിലെ ഡോ. രവീന്ദ്ര ഗുപ്ത പറഞ്ഞു.

എച്ച്‌ഐവിയില്‍ നിന്നും ഒരു വ്യക്തി പൂര്‍ണ്ണമായും മുക്തി നേടുന്ന ലോകത്തിലെ തന്നെ രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

2007ല്‍ ജര്‍മ്മന്‍ സ്വദേശിയില്‍ നടത്തിയ സമാനമായ ചികിത്സ ഫലം കണ്ടിരുന്നു.

അമേരിക്കയിലേയ്ക്ക് കുടിയേറിയ ജര്‍മ്മന്‍ സ്വദേശിയായ തിമോത്തി ബ്രൗണാണ് ഇത്തരത്തില്‍ എച്ച്‌ഐവിയില്‍ നിന്നും രക്ഷ നേടുന്ന ആദ്യത്തെ വ്യക്തി.

സംഭവം എച്ച്‌ഐവി രോഗബാധിതരില്‍ പ്രത്യാശയ്ക്ക് വക നല്‍കുന്നുണ്ടെങ്കിലും എച്ച്‌ഐവിക്കുള്ള പ്രതിരോധ മരുന്ന് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ സംഘം പറഞ്ഞു