റഫേല്‍ ഇടപാടില്‍ പുറത്തുവന്ന രേഖകള്‍ മോഷ്ടിക്കപ്പെട്ടത്; പുനപരിശോധന തള്ളണമെന്നും കേന്ദ്രം; ദേശസുരക്ഷയുടെ മറവില്‍ അഴിമതി മൂടിവയ്ക്കാനാവില്ല; രേഖകള്‍ പ്രസക്തമെങ്കില്‍ പരിശോധിക്കാം: സുപ്രീംകോടതി

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചതാണെന്ന് കേന്ദ്രസര്‍ക്കാര്‍.

മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലുള്ള പുനപരിശോധന ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെങ്കിലും പരിശോധിക്കുന്നതിന് തടസ്സം ഇല്ലെന്ന കോടതിയുടെ നിരീക്ഷണം കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.

അഴിമതി പോലുള്ള ഗുരുതരമായ കുറ്റ കൃത്യങ്ങള്‍ ദേശ സുരക്ഷയുടെ മറവില്‍ മൂടി വെക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അതിപ്രധാന രേഖകള്‍ പരാതിക്കൊപ്പം സമര്‍പ്പിക്കുന്നതുവഴി പരാതിക്കാര്‍ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചിരിക്കുകയാണെന്നും ഈ ഹര്‍ജി തള്ളണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വാദം.

നിരപരാധിത്വം തെളിയിക്കാന്‍ ഒരു പ്രതി മോഷ്ടിച്ച രേഖകള്‍ ഹാജരാക്കിയാല്‍ അതു പരിഗണിക്കേണ്ടി വരില്ലേയെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചു.

രഹസ്യ രേഖകള്‍ പ്രതിരോധന മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചു പുറത്തെത്തിച്ചത് നിലവില്‍ ജോലി ചെയ്യുന്നവരോ വിരമിച്ചവരോ ആയ ഉദ്യോഗസ്ഥരാണ് എന്ന് കേന്ദ്രം വാദിച്ചു.

എന്നാല്‍ ഇത്രയും കാലം അവര്‍ക്കെതിരെ എന്ത് നടപടി എടുത്തു എന്ന കോടതിയുടെ ചോദ്യത്തിന് മുന്നില്‍ കേന്ദ്രം പതറി.

അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നാളെ കോടതിയെ അറിയിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

മന്ത്രാലയം ആഭ്യന്തര അന്വേഷണം നടത്തി. രണ്ടു മാധ്യമ സ്ഥാപനങ്ങള്‍ക്കും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ അഭിഭാഷകനും എതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് എജി കോടതിയില്‍ വാദിച്ചു.

റഫേലുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ വാദത്തിനിടെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ നിലവിലുള്ള രേഖകള്‍ മതിയെന്ന് ചൂണ്ടി കാണിച്ച് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ച് പ്രശാന്ത് ഭൂഷണ്‍ന്റെ ആവശ്യം തള്ളി.

റഫേല്‍ വിഷയം കോടതിക്കുമുമ്പിലെത്തുമ്പോള്‍ രാജ്യസുരക്ഷ സംബന്ധിച്ച ചോദ്യം ഉയര്‍ത്താനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

ബോഫോഴ്‌സ് വിഷയം കോടതിയില്‍ വരുമ്പോള്‍ രാജ്യസുരക്ഷ വിഷയമാകുമോ എന്ന് ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു.

മോഷ്ടിക്കപ്പെട്ട രേഖകളും പ്രസക്തമെന്ന് കണ്ടാല്‍ പരിശോധിക്കാമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് കെ.എം ജോസഫ് ചൂണ്ടികാട്ടി.

പാക്കിസ്ഥാന്റെ കൈവശമുള്ള എഫ് 16 വിമാനങ്ങളെ 1960 കളിലെ മിഗ് 21 വിമാനങ്ങള്‍ കൊണ്ടാണ് നമ്മള്‍ നേരിട്ടത്.

അതുകൊണ്ട് റഫേല്‍ വിമാനങ്ങള്‍ അടിയന്തരമായി ആവശ്യമുണ്ടെന്നും പരീശീലനത്തിനായി സൈനികരെ പാരീസിലേക്ക് അയച്ചുവെന്നും കേന്ദ്രം വാദിച്ചു.

എന്നാല്‍ കേന്ദ്ര വാദത്തെ കോടതിയും ഹര്‍ജിക്കാരും ഒരു പോലെ ചോദ്യം ചെയ്തു.രേഖകള്‍ സുപ്രീംകോടതിയുടെ മുന്നില്‍ വന്നതാണ്, അത് പരിശോധിക്കരുതെന്ന് എജിക്ക് പറയാനാകില്ലെന്ന് ജസ്റ്റിസ് കൗള്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ മാര്‍ച്ച് 14ന് വാദം തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News