എന്തുകൊണ്ട് ഇടതുപക്ഷം എന്ന ചോദ്യത്തിന് ഇത് തന്നെയാണുത്തരം; നിഴലുകള്‍ക്കല്ല നിലപാടുകള്‍ക്കാവണം നമ്മുടെ വോട്ട്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഒന്നായിരിക്കുമെന്ന് തീര്‍ച്ച. അഞ്ച് വര്‍ഷത്തിനിടയില്‍ രാജ്യത്തെ സാധാരണക്കാര്‍ ഇടപെടുന്ന എല്ലാ മേഖലകളും തകര്‍ച്ചയുടെ വക്കിലെത്തി.

ജനവിരുദ്ധമായ കേന്ദ്രസര്‍ക്കാറിന്റെ ഓരോ നയങ്ങളോടും നിലപാടുകളോടും ശക്തമായ വിയോജിപ്പ് ഉയര്‍ത്തിപ്പിടിച്ച് സഭയെ സജീവമാക്കിയവര്‍ ഇടതുപക്ഷമായിരുന്നു.

അസീബ് പുത്തലത്ത് എഴുതിയ കുറിപ്പ് വായിക്കാം

89 എം എൽ എമാരുണ്ട് ജമ്മു & കാശ്മീർ നിയമസഭയിൽ. വിഘടനവാദികളായ 28 പിഡിപിക്കാർ മുതൽ അവർക്കൊപ്പം കഴിഞ്ഞ ദിവസം വരെ സഖ്യത്തിൽ ഭരിച്ച ഇരുപത്തഞ്ചോളം ദേശസ്നേഹികളായ സംഘികൾ വരെ. പന്ത്രണ്ടോളം ‘സോ കോൾഡ്’ സെക്യുലർ കോൺഗ്രസുകാർ മുതൽ രണ്ടക്കം കടക്കുന്ന ഇസ്ലാമിസ്റ്റുകൾ വരെ.

എന്നിട്ടും, കത്വയിൽ 2018 ജനുവരിയിൽ ആസിഫ കൊല്ലപ്പെട്ട വാർത്ത ഏപ്രിലിലെങ്കിലും സർക്കാരോ നാഷണൽ മീഡിയകളോ സമൂഹമാധ്യമങ്ങളോ ഏറ്റെടുക്കാൻ, അഡ്രസ് ചെയ്യാൻ ആ‌ മൂന്ന് മാസവും അസംബ്ലിക്കകത്തും പുറത്തും ഒറ്റയാൾ പോരാട്ടം നടത്തിയത് മുഹമ്മദ് യൂസഫ് തരിഗാമി എന്ന ഒരു എം എൽ എയാണ്. അയാളെ ആ നിയമസഭയിലേക്കയച്ചത് സി പി ഐ എം എന്ന പാർട്ടിയായിരുന്നു.

68 സീറ്റുള്ള ഹിമാചലിൽ പശുവിനെ രാഷ്ട്രത്തിന്റെ മാതാവാക്കണമെന്ന് കോൺഗ്രസ് ഇക്കഴിഞ്ഞ ഡിസംബറിൽ കൊണ്ടുവന്ന ബിൽ ബി ജെ പി കയ്യടിച്ച് പാസാക്കുമ്പോൾ ആകെ വന്ന ഒരു എതിർ വോട്ട് രാകേഷ് സിൻഹയുടേതായിരുന്നു. ‘ബോധമില്ലാത്തവർക്കേ ഇങ്ങനൊരു ബിൽ കൊണ്ടുവരാൻ കഴിയൂ’ എന്ന് നിവർന്ന് നിന്ന് അയാളെക്കൊണ്ട് പറയിപ്പിച്ചത് സി പി ഐ എമിന്റെ രാഷ്ട്രീയമാണ്.

കുഴികുത്തി, കയർ കുരുക്കി ചാവ് കാത്തിരുന്ന മഹാരാഷ്ട്രയിലെ കർഷകരെ കൂടെ കൂട്ടി രണ്ട് വട്ടം കിസാൻ മാർച്ച് നടത്തി, അധികാരികളെ മുട്ടുകുത്തിക്കാൻ മുന്നിൽ നിന്ന ജെ പി ഗാവിതെന്ന നാസിക്കിലെ എം എൽ എക്കും ഒഡീഷയിലെ ആദിവാസികളെ ഒപ്പം ചേർത്ത് നാഷണൽ ഹൈവേ അതോറിറ്റിയിൽ നിന്ന് 1700 കോടിയുടെ പാക്കേജ്, അവരുടെ ഗ്രാമത്തിലൂടെ കടന്ന് പോകുന്ന വഴി നന്നാക്കാൻ വാങ്ങിയെടുത്ത ലക്ഷ്മൺ മുണ്ടെ എന്ന എം എൽ എക്കും ജനങ്ങൾ വോട്ട് ചെയ്തത് അരിവാൾ-ചുറ്റിക-നക്ഷത്രത്തിലായിരുന്നു. അവരൊക്കെ പിടിച്ചത് ചെങ്കൊടിയായിരുന്നു.

രാജസ്ഥാനിലെ ബി ജെ പി ഗവണ്മെന്റിനെ‌ കഴിഞ്ഞവർഷം വലിച്ച് താഴെയിടാൻ കാരണങ്ങളിലൊന്നായ സികർ കർഷകസമരം നടത്താൻ, കർണാടകയിൽ സവർണ്ണന്റെ എച്ചിലിൽ ‘അപ്പാവികൾ’ കിടന്നുരുളുന്ന 500 വർഷം പഴക്കമുള്ള അനാചാരം ‘മഡേസ്നാന’ അവസാനിപ്പിക്കാൻ, തമിഴ്നാട്ടിലെ 600 മീറ്റർ നീളവും പത്തടി ഉയരവുമുള്ള ജാതിമതിൽ പൊളിച്ച് കല്ലെടുത്ത് കാട്ടിലേക്കെറിയാൻ ആ പാർട്ടിക്ക് ഒരു എം എൽ എ പോലും വേണ്ടി വന്നില്ല.

മൊബ്‌ ലിഞ്ചിങ്ങിനെക്കുറിച്ച്‌, ഡിമോണിറ്റൈസേഷനെക്കുറിച്ച്‌, ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച്‌ മോദിഭരണകാലത്ത് രാജ്യസഭയിൽ ഏറ്റവും ആഴത്തിലുള്ള പ്രസംഗങ്ങൾ നടത്തിയത് സി‌ പി ഐ എമിന്റെ ദേശീയ സെക്രട്ടറി സീതറാം‌ യച്ചൂരിയാണ്. നിയമകാര്യങ്ങളിലെ എൻസൈക്ലോപീഡിയ എന്ന് മായാവതി വിശേഷിപ്പിച്ച പി രാജീവിന്റെ കാലാവധി കഴിയുന്ന ദിവസം ‘അയാൾ ഒഴിവാകുന്നതോടെ ഇനി ഞങ്ങളുടെ പണി എളുപ്പമാകും’ എന്ന് അരുൺ ജെയ്റ്റ്ലി തുറന്ന് പറയുന്ന വീഡിയോ ക്ലിപ്പ് യൂറ്റൂബിൽ കിടപ്പുണ്ട്. 2015-2016 വർഷത്തിലെ ബെസ്റ്റ്‌ പാരലമെന്റേറിയനുള്ള സൻസദ്‌ അവാർഡ്‌ അന്ന് രാജ്യസഭാ എം പിയായിരുന്ന കെ എൻ ബാലഗോപാലിനായിരുന്നു. ഇക്കഴിഞ്ഞ ബഡ്ജറ്റ് നയപ്രസംഗത്തിൽ, ലോക്സഭാ സെക്രട്ടറിയേറ്റിന് തിരഞ്ഞെടുത്ത 1075 നിർദേശങ്ങളിൽ 443 എണ്ണവും എ സമ്പത്ത് എം പിയുടേതാണ്, അത് സർവകാല റെക്കോഡായി രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാറാം ലോക്സഭയിലെ ഏറ്റവും നല്ല പെർഫോമർമാരിൽ ആദ്യത്തെ ഡസനിൽ പി കെ ബിജുവും എം ബി രാജേഷും സമ്പത്തിനൊപ്പം വരും‌, കഴിഞ്ഞ സഭയിലെ പോലെ‌ തന്നെ.

സി എൻ എൻ- ന്യൂസ് 18 അനാലിസിസ് പ്രകാരം ലോക്സഭയിൽ ഏറ്റവും വലിയ ഇടപെടൽ നടത്തുന്നത് സി പി ഐ എം ആണ്. സ്വതന്ത്രരടക്കം 11 പേരുള്ളതിൽ, ശരാശരി ഒരു എം പി 400+ ചോദ്യങ്ങൾ ചോദിക്കുന്നു, 180+ ചർച്ചകളിൽ ഇടപെടുന്നു. 44 അംഗങ്ങളുള്ള കോൺഗ്രസിന്റെ ഒരു എം പിയുടേത് അത്, 290+ ചോദ്യങ്ങളും 70+ ചർച്ചകളും മാത്രമാകുമ്പോൾ ബി ജെ പിയുടേതത് യഥാക്രമം 240+, 80+ എന്നിങ്ങനെയാണ്.

ഏറ്റവും മികച്ച രീതിയിൽ ചർച്ചയിൽ പങ്കെടുക്കുന്ന എം പിമാർ കേരളത്തിലെയും (LDF) ത്രിപുരയിലേതുമാണ്‌. അതിൽ കേരളത്തിലെ ഇടത് എം പിമാരുടെ അറ്റൻഡൻസ് ദേശീയ ശരാശരിക്ക് മുകളിലും യു ഡി എഫിന്റെ എം പിമാരുടേത് ദേശീയ ശരാശരിക്ക് താഴെയുമാണ്. ചോദ്യങ്ങൾ ചോദിക്കുന്നതിലും ചർച്ചയാക്കുന്നതിലുമടക്കം ഇടത് എം പിമാരുടെ അപ്രമാദിത്തമാണ്. ഒരു എൽ ഡി എഫ് എംപി ശരാശരി 195 ചർച്ചയിൽ പങ്കെടുത്തപ്പോൾ യു ഡി എഫ് എം പിയുടേതത് 128 മാത്രമാണ്. (ഡാറ്റാ ചിത്രത്തിൽ, ലിങ്കുകൾ കമന്റ് ബോക്സിൽ)

നാരോ മാർജിനിൽ ഭരണത്തിലേറിയ ഒന്നാം യുപിഎ ഗവണ്മെന്റിന്റെ ഏറ്റവും ജനകീയമായ തൊഴിലുറപ്പ് പദ്ധതിയും വിപ്ലവകരമായ വിവരാവകാശനിയമവും കൊണ്ടുവന്നത് സി പി ഐ എമിന്റെ അറുപതോളം എം പിമാരുടെ ശക്തമായ ബാർഗയിനിംഗ് പവർ കൊണ്ടായിരുന്നു. അതിന്റെ പുറത്തേറിയാണ് യു പി എ വൻഭൂരിപക്ഷത്തോടെ രണ്ടാം വട്ടം അധികാരത്തിലേറിയത്.

ലോക്സഭയിൽ രണ്ട് വരി വെള്ളിവീഴാതെ സംസാരിച്ചാൽ, പെട്രോൾ വിലയെപ്പറ്റിയോ കോർപ്പറേറ്റുകൾക്ക് രാജ്യത്തെ‌ തീറെഴുതുന്നതിനെ പറ്റിയോ മിണ്ടാതെ, നൈസായി ഹിന്ദുത്വരാഷ്ട്രീയത്തെ തലോടി, ആർ എസ്‌ എസിനെ സനേഹിച്ച് തോൽപ്പിക്കാൻ ആഹ്വാനിച്ച്, മോദിയെ കെട്ടിപ്പിടിച്ച് കണ്ണിറുക്കിക്കാണിച്ചാൽ
രാഹുൽ ജി പ്രധാനമന്ത്രിയാവാൻ യോഗ്യനായെന്ന് വിധിയെഴുതുന്ന മിഡിൽക്ലാസിനോ മീഡിയക്കോ പ്രിസൈസ് ഡാറ്റയോ ജനകീയ ഇടപെടലുകളോ വിഷയമാവാറില്ല, അവർ ഇടപെടുന്നവരെ കാണാറുമില്ല. അനേകം പാർട്ടി ഓഫീസുകൾ ദില്ലിയിലുണ്ടായിട്ടും സംഘികൾ എന്തുകൊണ്ട് എ കെ‌ ജി ഭവൻ മാത്രം ആക്രമിച്ചെന്നും തിരിയില്ല, പറയില്ല.

കേരളാഹൗസിന്റെ അടുക്കളയിൽ ഗോസായിപ്പോലീസ് കേറിയപ്പോ അവിടെ ഓടിയെത്തി കൂട്ടംകൂടി നിന്ന് രണ്ട് മുദ്രാവാക്യം വിളിച്ചെങ്കിലും മലയാളിയുടെ നിലപാടറിയിക്കാൻ,
കരിനിയമങ്ങളിൽ പെടുത്തി മുസ്ലിം-ദളിത് നിരപരാധികളെ വിചാരണകൂടാതെ ജയിലിലടക്കുന്നതിനെതിരെ പ്രസിഡന്റിനെ കണ്ട് മെമോറാണ്ടം നൽകാൻ ഒരു വലിയ പാർട്ടിക്കാരും അവിടെയുണ്ടായിട്ടില്ല, മാർക്സിസ്റ്റുകാരല്ലാതെ, കരാട്ടും സുഭാഷിണി അലിയും തരിഗാമിയുമല്ലാതെ.

ബികോസ്, ക്വാണ്ടിറ്റി ഈസ്‌ ഗുഡ് ടു‌ മേക്ക് നോയിസ്. ബട്ട് ടു റൈസ് ദ വോയിസ്, ഇട് ഡിമാൻഡ്സ് ക്വാളിറ്റി.

കാര്യങ്ങൾ പഠിക്കാൻ, പറയാൻ, ഡെലിവർ ചെയ്യാൻ, കലഹിക്കാൻ സഭയിലും നിരത്തിലും അങ്ങനെയുള്ളവരുണ്ടാവണം.
കോർപ്പറേറ്റുകൾക്ക് വിധേയപ്പെട്ടവരേക്കാൾ ജനങ്ങൾക്കായി സംസാരിക്കുന്നവർ വേണം,
ഓക്സ്ഫോഡ് ഇംഗ്ലീഷ് വൊക്കാബുലറിയേക്കാൾ പറയുന്ന കാര്യങ്ങൾ മീനിംഗ്ഫുൾ ആയിരിക്കണം.
പൂണൂൽ പൊക്കിക്കാണിക്കുന്നവരേക്കാൾ ഭരണഘടനയെ ക്വോട്ട് ചെയ്യുന്നവർ കാണണം,
അവിടെ എണ്ണത്തേക്കാൾ, കൊണമുള്ളവർ വേണം.

അങ്ങനെ കൊണമുള്ളവരെങ്കിൽ,
അതൊരു തരിയെങ്കിലും മതി, ഒരു തരിഗാമി മതി.
ഒരു സമ്പത്ത് മതി, നാടിന് സമ്പത്തായാൽ മതി.
പത്ത് പേര് മതി, കൂടെയൊത്ത് നിന്നാൽ മതി.
അവർ പത്തിടത്ത് നിന്നായാലും മുറുകെപ്പിടിക്കാനൊരു പ്രത്യയശാസ്ത്രം മതി.
എയർബസിൽ കൊണ്ടുപോയി റിസോർട്ടിൽ പൂട്ടിയിടേണ്ട ഗതികേടില്ലാതിരുന്നാൽ മതി.
ഓട്ടോയിൽ കേറ്റി വിട്ടാലും കൃത്യമായി സഭയിലെത്തിയാൽ മതി.
കിട്ടിയ വോട്ടിനോടും ജയിപ്പിച്ച പാർട്ടിയോടും ഏൽപ്പിച്ച പണിയോടും കൂറുള്ളവർ മതി.
കൊള്ളാവുന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ മതി..!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News