തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതിന് പിന്നില്‍ കൊളളയും, കുംഭകോണവും നടന്നു എന്നാരോപിച്ചാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കണ്ടത്.

പ്രതിവര്‍ഷം 17,830 കോടി രൂപ വരുമാനവും, 30000 കോടി രൂപ ആസ്തിയും ഉളള തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് സ്വന്തമാക്കിയത് യാതൊരു മുതല്‍ മുടക്കും ഇല്ലാതെയാണ്.

മൂന്ന് ആക്ഷേപങ്ങളാണ് പ്രധാനമായും കോടിയേരി ഉന്നയിച്ചത്. ഡല്‍ഹി,മുംബൈ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിച്ചപ്പോള്‍ ലാഭമോ നഷ്ടമോ ഉണ്ടായാലും ആകെ വരുമാനത്തിന്റെ നിശ്ചിത ശതമാനം റവന്യൂ ഷെയര്‍ ആയിരുന്നു മാനദണ്ഡം.

എന്നാല്‍ പുതിയ കരാര്‍ വ്യവസ്ഥ പ്രകാരം ആളെന്നിന് രൂപ എന്ന കണക്കിലേക്ക് മാറ്റി നിശ്ചയിച്ചു.എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആക്ടില്‍ 2003ല്‍ കൊണ്ട് വന്ന ഭേദഗതി പ്രകാരം 30 കൊല്ലത്തേക്ക് മാത്രമേ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ പാടുളളു, എന്നാല്‍ പുതിയ കരാര്‍ പ്രകാരം അമ്പത് വര്‍ഷത്തേക്കാണ് അദാനിക്ക് നല്‍കിയിരിക്കുന്നത്.

പാര്‍ലമെന്റ് അറിയാതെ നീതി ആയോഗ് വ!ഴി നടത്തിയ ഭേഭഗതി സംശയാപ്ദമാണ് . വിമാനത്താവളത്തില്‍ കോഫി ഷോപ്പ് തുടങ്ങണമെങ്കില്‍ പ്രവര്‍ത്തിപരിചയം നിര്‍ബന്ധമാണെന്നിരിക്കെ വിമാനത്താവളം നടത്തി പരിചയമില്ലാത്ത അദാനിക്ക് വേണ്ടി കരാര്‍ വ്യവസ്ഥകള്‍ മാറ്റി എഴുതി. അദാനി വിമാനത്താവളം സ്വന്തമാക്കുന്നതോടെ 20 ശതമാനം ജീവനക്കാര്‍ എന്ത് ചെയ്യുമെന്ന് കോടിയേരി ചോദിച്ചു.

ഭാവിയില്‍ കാര്‍ഗോയ്ക്ക് പ്രാമുഖ്യം നല്‍കുന്ന വിമാനത്താവളമാക്കാന്‍ അദാനി തീരുമാനിക്കുകയാണെങ്കില്‍ വിമാനത്താവള കമ്പനിക്ക് നല്‍കുന്ന ഒരു യാത്രക്കാരന് 168 രൂപ എന്ന തുകയില്‍ വന്‍ ഇടിവ് വരും.

അന്‍പത് വര്‍ഷത്തേക്കും കാലനുസൃതമായ വര്‍ദ്ധനവ് ഇല്ലാതെ 168 രൂപ മാത്രം എന്ന് നിജപെടുത്തിയതിലും ദുരൂഹതയുണ്ട്.

കോണ്‍ഗ്രസ് എന്ത് കൊണ്ടാണ് ഈ കൊളളയെ എതിര്‍ക്കാത്തതെന്നും ശശി തരൂര്‍ ഈ വില്‍പ്പനയുടെ ഇടനിലക്കാരനായി എന്നും കോടിയേരി ആരോപിച്ചു.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം ഇല്ല. കോണ്‍ഗ്രസ് വിജയിച്ച 4 സീറ്റുകളില്‍ സിപിഎം മല്‍സരിക്കില്ല. സിപിഎം വിജയിച്ച രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ല.