വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പാക് ചായ പരസ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.

പാകിസ്താനിലെ കറാച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തപാല്‍ ടീ എന്ന ചായകമ്പനിയുടെ പരസ്യത്തിലാണ് അഭിനന്ദന്റെ ദൃശ്യങ്ങല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അഭിനന്ദന്‍ പാക് സൈന്യത്തിന്റെ കൈയില്‍ അകപ്പെട്ട ശേഷം ആദ്യം പുറത്തു വന്ന വീഡിയോ ദൃശ്യമാണ് പരസ്യ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പാക് സൈന്യം ചോദ്യം ചെയ്യുന്നതിനിടെ ചായ കുടിക്കുന്ന അഭിനന്ദന്റെ വീഡിയോ ദൃശ്യങ്ങളാണ് പാകിസ്താനാണ് പുറത്തു വിട്ടത്.

‘ദ ടീ ഈസ് ഫന്റാസ്റ്റിക്, താങ്ക്യൂ’ എന്ന് അഭിനന്ദന്‍ പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് പരസ്യത്തില്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്.

എന്നാല്‍ വീഡിയോ എഡിറ്റ് ചെയ്യപ്പെട്ടതാണെന്നും തപാല്‍ ടീ ബ്രാന്‍ഡിന് സംഭവവുമായി ബന്ധമില്ലെന്നും കമ്പനിയുടെ പേരില്‍ അത്തരമൊരു വീഡിയോ പുറത്തിറക്കിയിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

പരസ്യത്തിന്റെ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് അഭിനന്ദന്റെ ദൃശ്യങ്ങള്‍ പകരം ചേര്‍ത്തിരിക്കുന്നത്. 40 സെക്കന്‍ഡാണ് വിഡിയോയുടെ ദൈര്‍ഘ്യം.

1 മിനിറ്റും 25 സെക്കന്‍ഡുമാണ് തപാല്‍ ടീ പുറത്തിറക്കിയിട്ടുള്ള യഥാര്‍ത്ഥ പരസ്യത്തിന്റെ സമയ ദൈര്‍ഘ്യം.

വീഡിയോ വ്യാജമാണെന്നു കണ്ടെത്തിയെങ്കിലും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാട്ടര്‍മാര്‍ക്ക ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്തയാളെ കണ്ടെത്താനായിട്ടില്ലെന്നും ടൈംസ് ഫാക്റ്റ് ചെക്ക് ടീം വ്യക്തമാക്കി.

ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങള്‍ ഒരു പോലെ മതിക്കുന്ന വിങ് കമാന്‍ഡര്‍ അഭിനന്ദനെതിരെ ഇങ്ങനെ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് നിലപാടിലാണ് സോഷ്യല്‍ മീഡിയ.