രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഓഫീസർ നിയമനകാലാവധി നാലുവർഷമാക്കി: മന്ത്രി ഡോ. കെ.ടി. ജലീൽ

കോട്ടയം: സർവകലാശാലകളിലെ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നിവരുടെ കാലാവധി നാലുവർഷമായി പരിമിതപ്പെടുത്തിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു.

മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്ന ചാൻസലേഴ്‌സ് അവാർഡ് വിതരണ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഇതിനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചു. പത്തും പതിനഞ്ചും വർഷം ഒരാൾതന്നെ ഒരു സ്ഥാനത്ത് ഇരിക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടും പ്രയാസവും ഒഴിവാക്കുകയാണ് ഉദ്ദേശ്യം.

യോഗ്യരല്ലാത്തവർ 15 വർഷത്തേക്കും മറ്റും അത്തരം തസ്തികളിലെത്തിയാൽ സർവകലാശാലകളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തും.

ഭാവിയിൽ അത്തരം തടസങ്ങൾ ഉണ്ടാകാതിരിക്കുകയാണ് ലക്ഷ്യം. പരീക്ഷകൾ ക്രമപ്പെടുത്തണം. ഫലം കൃത്യമായി നൽകേണ്ടതുണ്ട്. എല്ലാ സർട്ടിഫിക്കറ്റുകളും ഓൺലൈനായി നൽകണം. ഇതിനുള്ള സർക്കാർ ശ്രമങ്ങളിൽ എല്ലാവരും സഹകരിക്കണം.

കേരളത്തിനു പുറത്തേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ പോകുന്നത് മേഖലയിലെ ന്യൂനതയായി കാണണം.

കേരളത്തിൽ മികച്ച സൗകര്യങ്ങളുള്ള സ്ഥാപനങ്ങൾ ഉപേക്ഷിച്ച് പുറത്തെ സ്ഥാപനങ്ങളിലേക്ക് പഠിക്കാൻ പോകുന്നത് പ്രോഗ്രാമുകൾ സമയബന്ധിതമായി തീരാത്തതിനാലും ഫലം താമസിക്കുന്നതിനാലുമാണ്.

ഇത് വിദ്യാർഥികൾ ചൂണ്ടിക്കാട്ടിയതാണ്. ഇതിനെ സർവകലാശാലകൾ മറികടക്കണം. എം.ജി. സർവകലാശാല ഇക്കാര്യത്തിൽ മാതൃകാപരമായ ചുവടുവയ്പ് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here