തണ്ടര്‍ബോള്‍ട്ട് തകര്‍ത്തത് മാവോയിസ്റ്റ് സംഘത്തിന്റെ ആസൂത്രിതനീക്കം

അധികാരം കൊയ്യാന്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുക…’ വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പ്രവേശനകവാടത്തില്‍ കഴിഞ്ഞ സെപ്തംബര്‍ 27ന് മാവോയിസ്റ്റ് സംഘം പതിച്ച പോസ്റ്ററിലെ ആഹ്വാനം ഇതായിരുന്നു.

ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍നിന്ന് ആയുധപരിശീലനം നേടിയ എഴുപതോളം മാവോയിസ്റ്റുകള്‍ എകെ 47 തോക്കുകളുമായി കേരളം, തമിഴ്‌നാട്, കര്‍ണാടകം അതിര്‍ത്തി പങ്കിടുന്ന ട്രൈ ജങ്ഷനുകളില്‍ എത്തിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന് സംസ്ഥാനങ്ങളിലെയും പൊലീസിന്റെ സംയുക്തപരിശോധന വ്യാപിപ്പിച്ചു. ആയുധപരിശീലനത്തിനും ഏറ്റുമുട്ടലിനും നേതൃത്വം നല്‍കുന്ന വിക്രംഗൗഡയും ലതയും സംഘത്തിലുണ്ടെന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗവും വിലയിരുത്തി.

തുടര്‍ന്നാണ് ഡിസംബറില്‍ മലപ്പുറം, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകള്‍ കേന്ദ്രീകരിച്ച് ഓപ്പറേഷന്‍ അനാക്കൊണ്ട തുടങ്ങിയത്. ഈ ഓപ്പറേഷനാണ് ലക്കിടിയിലെ ആക്രമണത്തെ പ്രതിരോധിക്കാന്‍ പൊലീസിന് സഹായകമായത്.

ജനവാസ മേഖലകളിലും ക്വാറികളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും മിന്നലാക്രമണത്തിനുള്ള മാവോയിസ്റ്റുകളുടെ പദ്ധതിയെ കുറിച്ച് പൊലീസിന് വിവരം കിട്ടിയിരുന്നു.

നിരീക്ഷണം ശക്തമാക്കിയതോടെ നാട്ടിലിറങ്ങി ഭക്ഷണം സംഭരിക്കാന്‍ കഴിയാതെയായി. ആദിവാസികളെ ഉപയോഗിച്ച് ഭക്ഷണം വാങ്ങാനാണ് റിസോര്‍ട്ടുകളില്‍നിന്നും ക്വാറികളില്‍നിന്നും പണം വാങ്ങാന്‍ തുടങ്ങിയത്.

മാവോയിസ്റ്റുകള്‍ നാട്ടിലിറങ്ങി ജനങ്ങളുടെ സ്വൈരജീവിതം തടസ്സപ്പെടുത്തുന്നതായി പൊലീസിന് പരാതികളും ലഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളും വ്യാപാരസ്ഥാപനങ്ങളും കൊള്ളയടിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ആദിവാസികള്‍ പൊലീസിനെ സഹായിക്കാന്‍ തുടങ്ങിയതും ഇവര്‍ക്ക് തിരിച്ചടിയായി. നാട്ടുകാരും അപ്പപ്പോള്‍ പൊലീസിന് വിവരം കൈമാറി. വിനോദസഞ്ചാരികളെ ബന്ദികളാക്കി മോചനദ്രവ്യം തട്ടിയെടുക്കാനും സംഘം പദ്ധതിയിട്ടിരുന്നതായി വിവരം ലഭിച്ചു. ഇതോടെയാണ് റിസോര്‍ട്ടുകളും മറ്റും നിരീക്ഷിച്ചത്.

2016 നവംബര്‍ 24ന് നിലമ്പൂരിലെ കരുളായി വനത്തില്‍ കുപ്പുദേവരാജും അജിതയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് ശേഷം മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാന്‍ പൊലീസ് അവസരം നല്‍കിയിരുന്നതാണ്. എന്നാല്‍, ഇതിന് സംഘം തയ്യാറായില്ല.

ആദിവാസികളെയും ഭീഷണിപ്പെടുത്തുന്നു

നൂറ്റാണ്ടുകളായി വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗവിഭാഗങ്ങളെയും മാവോയിസ്റ്റുകള്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു. പ്രളയകാലത്ത് ആദിവാസികള്‍ക്ക് വിതരണം ചെയ്യാനെത്തിയ ഭക്ഷ്യവസ്തുക്കള്‍ വരെ ഇവര്‍ കൊള്ളയടിച്ചു.

ഈ പരാതികളും വിവരങ്ങളുമെല്ലാം പൊലീസ് ഗൗരവമായി പരിഗണിച്ചു. രഹസ്യാന്വേഷണവിഭാഗങ്ങള്‍ നിരീക്ഷണം ശക്തിപ്പെടുത്തി. നിരീക്ഷണക്യാമറകള്‍ സ്ഥാപിച്ചു. മാവോയിസ്റ്റുകളുടെ നീക്കങ്ങള്‍ കൃത്യമായി മനസ്സിലാക്കി.

ഇതിന്റെ അടിസ്ഥാനത്തിലാണ് റിസോര്‍ട്ടില്‍ എത്തിയത് മാവോയിസ്റ്റുകളാണെന്ന് പെട്ടെന്ന് തിരിച്ചറിയാനായതും, നടപടിക്ക് സായുധ പൊലീസിനെത്തന്നെ വിനിയോഗിച്ചതും.ഓപ്പറേഷന്‍ അനക്കൊണ്ട എന്ന പേരില്‍ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

തണ്ടര്‍ ബോള്‍ട്ട്, ആന്റി നക്‌സല്‍ സ്‌ക്വാഡ്, ലോക്കല്‍ പൊലീസ് എന്നിവയുടെ പൂര്‍ണപങ്കാളിത്തത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് സേനാംഗങ്ങളാണ് തെരച്ചിലില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News