ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

സൗബിന്റെ വ്യത്യസ്തമായ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയും ചെയ്തു.

അതില്‍ ട്രോളന്‍മാരും കൈകടത്തിയതോടെ സംഭവം വീണ്ടും വൈറലായി. സൗബിന്റെ സ്ഥാനത്ത് നരേന്ദ്ര മോദിയെയാണ് ട്രോളന്‍മാര്‍ പ്രതിഷ്ഠിച്ചത്. മാത്രമല്ല, അമ്പിളി എന്ന പേരിലും അവര്‍ മാറ്റം വരുത്തി, ‘ഇന്ത്യയ്ക്ക് പറ്റിയ അമളി’ എന്നാക്കി.

ജോണ്‍ പോളിന്റെ രണ്ടാം ചിത്രമാണ് അമ്പിളി. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. സൗബിനോടൊപ്പം നടി നസ്രിയയുടെ അനുജന്‍ നവീന്‍ നസീമും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തന്‍വി റാം എന്ന പുതുമുഖ നടിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

ചിത്രത്തിന്റെ കഥയും ജോണ്‍ പോള്‍ തന്നെയാണ്. വിഷ്ണു വിജയ് ആണ് സംഗീതം നിര്‍വഹിക്കുന്നത്. സുഡാനി ഫ്രം നൈജിരിയ, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൗബിന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.