തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസ്മി കുറ്റം സമ്മതിച്ചു.

പെണ്‍കുട്ടിയുടെ കുടുംബവുമായി ഉണ്ടായിരുന്ന ബന്ധം മറയാക്കിയായിരുന്നു പീഡനമെന്നും ഒരുമാസത്തോളം ദക്ഷിണേന്ത്യയിലെ വിവിധ ഇടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞദിവസം മധുരയില്‍ നിന്ന് പിടികൂടിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

സംഭവം നടന്ന ദിവസം സ്‌കൂളില്‍ നിന്ന് വരുന്ന വഴി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് കാറില്‍ വനത്തിനുള്ളില്‍ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് സമ്മതിച്ചു.

കുടുംബവുമായി അടുത്ത പരിചയം ഉണ്ടായിരുന്നതിനാല്‍ പെണ്‍കുട്ടിക്ക് സംശയം തോന്നിയില്ലെന്നും ഷഫീഖ് അല്‍ ഖാസ്മി പൊലീസിനോട് പറഞ്ഞു. വിശാഖപട്ടണം, കോയമ്പത്തൂര്‍, ഊട്ടി, മധുര എന്നിവിടങ്ങളില്‍ ഇയ്യാള്‍ മാറിമാറി ഒളിവില്‍ താമസിച്ചു. സംഭവത്തിനുശേഷം എറണാകുളത്തേക്കു പോയ ഇമാം വേഷം മാറി റെന്റേ കാറിലാണ് സംസ്ഥാനം വിട്ടത്.

ഷഫിഖ് അല്‍ ഖാസിമിയെ നെടുമങ്ങാട് ഗവ.ഹോസ്പിറ്റലില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. കേസിന്റെ തുടക്കത്തില്‍ ഇമാമിന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സഹായം ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

പിന്നീട് കേസിന്റെ ഗൗരവം മനസ്സിലായതോടെ സഹായം നല്‍കുന്നത് രാഷ്ട്രീയപാര്‍ട്ടി അവസാനിപ്പിച്ചുവെന്ന് പൊലീസ് അറിയിച്ചു.
എസ്ഡിപിഐ ഇമാമിനെ സഹായിച്ചുവെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു.

ഇമാം ഉള്‍പ്പടെ അഞ്ച് പേരെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തു. ഇമാമിന് ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ ഫാസിലും മധുരയില്‍വെച്ച് പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ച കോടതിയില്‍നിന്നും കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും തെളിവെടുപ്പിന് പ്രതികളെ കൊണ്ടുപോകുക.