സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് ശനിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങും. ഞായറാഴ്ച ഔപചാരികമായ തെരഞ്ഞെടുപ്പ് പ്രചാരണവും തുടങ്ങും.

എന്നാല്‍, സീറ്റ് തര്‍ക്കത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അവ്യക്തതയിലും കുരുങ്ങി നട്ടംതിരിയുകയാണ് യുഡിഎഫും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും. അസ്വാരസ്യമൊന്നുമില്ലാതെയാണ് എല്‍ഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചയ്ക്ക് വിരാമമായത്.

മുന്നണിയിലെ ചില കക്ഷികള്‍ സീറ്റിന് അവകാശം ഉന്നയിച്ചെങ്കിലും അതൊന്നും തര്‍ക്കത്തിനോ പിടിവാശിക്കോ വഴിവച്ചില്ല. സൗഹൃദാന്തരീക്ഷത്തില്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയപ്പോള്‍ കേരളത്തിന് കാണാന്‍ കഴിഞ്ഞത് മുന്നണിയിലെ ഐക്യവും കെട്ടുറപ്പും. എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷന്‍ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളും നിശ്ചയിച്ചുകഴിഞ്ഞു.

അതേസമയം, അധിക സീറ്റിന് വേണ്ടി കക്ഷികള്‍ തമ്മിലുള്ള തര്‍ക്കവും കക്ഷികള്‍ക്കുള്ളിലെ പോരുംമൂലം കലങ്ങിമറിഞ്ഞ സ്ഥിതിയിലാണ് യുഡിഎഫ്. മൂന്ന് സീറ്റിനുവേണ്ടി കടുത്ത പിടിവാശിയില്‍ നില്‍ക്കുന്ന മുസ്ലിംലീഗുമായി പലവട്ടം കോണ്‍ഗ്രസ് ഉഭയകക്ഷി ചര്‍ച്ച നടത്തി.

വെള്ളിയാഴ്ചയും ലീഗ് നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി. കേരള കോണ്‍ഗ്രസിന്റെ രണ്ട് സീറ്റ് ആവശ്യം നിരസിച്ച കോണ്‍ഗ്രസ് ഇനി ചര്‍ച്ചയില്ലെന്നും വ്യക്തമാക്കി. ഇതോടെ ഭാവിനടപടി തീരുമാനിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായി കേരള കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് നല്‍കാമെന്ന് അറിയിച്ച ഏകസീറ്റില്‍ ആര് മല്‍സരിക്കുമെന്നതാണ് കേരള കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. സ്ഥാനാര്‍ഥിനിര്‍ണയം ഉള്‍പ്പെടെ തീരുമാനിക്കാന്‍ ഞായറാഴ്ച കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി കോട്ടയത്ത് ചേരും. തര്‍ക്കം ഈ നിലയില്‍ തുടര്‍ന്നാല്‍ വലിയ പൊട്ടിത്തെറിയാകും ഉണ്ടാകുക.

അധിക സീറ്റില്ലെന്ന് വെള്ളിയാഴ്ചയും കോണ്‍ഗ്രസ് ആവര്‍ത്തിച്ച് വ്യക്തമാക്കിയ സ്ഥിതിക്ക് എന്തുവേണമെന്നതാണ് ലീഗിനെ കുഴക്കുന്നത്.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് ഇതുവരെ അന്തിമ രൂപമായിട്ടില്ല. സിറ്റിങ് സീറ്റുകള്‍ ഒഴികെയുള്ളവയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ശനിയാഴ്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവര്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.

രണ്ട് സിറ്റിങ് എംപിമാരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. എറണാകുളത്ത് കെ വി തോമസിനും പത്തനംതിട്ടയില്‍ ആന്റോ ആന്റണിക്കും വിജയസാധ്യതയില്ലെന്ന് എഐസിസിയുടെ സര്‍വേയില്‍ കണ്ടെത്തിയെന്ന വാദം ഉയര്‍ത്തിയാണ് ഇരുവര്‍ക്കുമെതിരെ വാളോങ്ങിയിരിക്കുന്നത്.

മറ്റ് സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് മാറ്റമുണ്ടാകില്ല. എം ഐ ഷാനവാസ് മരിച്ചതിനാല്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിത്വത്തിന് തര്‍ക്കം രൂക്ഷമാണ്. മറ്റ് സീറ്റുകളില്‍ ഒരു പേര് വീതം നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കെപിസിസി നേതൃത്വത്തിന്. അടുത്തയാഴ്ച സ്‌ക്രീനിങ് കമ്മിറ്റിക്ക് പട്ടിക നല്‍കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

ബിജെപിയില്‍ മിസോറം ഗവര്‍ണര്‍ പദവി വിട്ട് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാകാന്‍ വരുന്നുണ്ട്. കുമ്മനത്തിന്റൈ സ്ഥാനാര്‍ഥിത്വം തീരുമാനിച്ചാല്‍ മറ്റ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ബിജെപി പറയുന്നു.

എന്നാല്‍, ഘടകകക്ഷിയായ ബിഡിജെഎസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. സ്ഥാനാര്‍ഥിനിര്‍ണയം ഉള്‍പ്പെടെ ആര്‍എസ്എസ് വരുതിയിലാക്കിയെന്ന് ബിജെപിയില്‍ മുറുമുറുപ്പുണ്ട്