ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സച്ചിന്‍’. റൊമാന്റിക് കോമഡിയായി ഒരുങ്ങുന്ന ചിത്രത്തില്‍ അജു വര്‍ഗീസും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റേതായി പുറത്ത് വന്ന ടീസര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും നടത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’യുടെ ലൊക്കേഷനില്‍ വെച്ച് നടന്‍ നിവിന്‍ പോളിയാണ് ഓഡിയോ ലോഞ്ച് നടത്തിയത്. സച്ചിന്റെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ക്രിക്കറ്റിന്റെ ദൈവം എന്നറിയപ്പെടുന്ന ഇതിഹാസ താരമായ സച്ചിനോടുള്ള ആദരവ് കൂടിയാണ് ചിത്രം. സച്ചിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധ്യാനാണ്.

സച്ചിനോടുള്ള ആരാധനയുടെ പുറത്ത് ഒരു അച്ഛന്‍ തന്റെ മകന് സച്ചിന്‍ എന്ന് പേരിടുന്നതും ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവും മറ്റുമാണ് സിനിമയുടെ ഇതിവൃത്തം. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയായ നടി അന്ന രേഷ്മ രാജനാണ് സച്ചിനിലെ നായിക.
മണിയന്‍പിള്ള രാജു, മാല പാര്‍വ്വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, ജൂബി എന്നി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഈ വര്‍ഷത്തെ വിഷു റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും. എസ്എല്‍ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ തിരക്കഥ. നീല്‍ ഡി കുഞ്ഞയാണ് സച്ചിന് വേണ്ടി മനോഹരമായ ഫ്രയിമുകള്‍ ഒരുക്കുന്നത്. ജൂഡ് ആഗ്നേല്‍, ജൂബി നൈനന്‍ എന്നിവര്‍ ചേര്‍ന്നാണ് സച്ചിന്‍ നിര്‍മ്മിക്കുന്നത്.