തെരഞ്ഞെടുപ്പ് നാല് നിയമ സഭകളിലും; ആന്ധ്രയിലും ഒഡീഷയിലും പ്രാദേശിക കക്ഷികള്‍ പ്രതീക്ഷയില്‍

ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം നാലു സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ലോകസഭയോടൊപ്പം തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.

അതേസമയം ജമ്മു കാശ്മീര്‍ നിയമസഭയിലേക്ക് ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഒറ്റ ഘട്ടമായി ഏപ്രില്‍ 11നാണ് ആന്ധ്രാപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ഒഡീഷയിലാക്കട്ടെ നാലു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്.

ഒഢീഷയില്‍ ഏപ്രില്‍ 11 ന് ആദ്യഘട്ടം ആരംഭിക്കും. അരുണാചല്‍ പ്രദേശിലും സിക്കീമിലും ഒറ്റ ഘട്ടമായി ഏപ്രില്‍ 11ന് തന്നെയാണ് തെരഞ്ഞെടുപ്പ്. ഈ സംസ്ഥാനങ്ങളില്‍ എല്ലാം തന്നെ മെയ് 23 ഫലപ്രഖ്യാപനമുണ്ടാകും.

176 നിയമസഭാ സീറ്റുള്ള ആന്ധ്രാപ്രദേശില്‍ 99 സീറ്റുകളുമായി ചന്ദ്ര ബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടിയാണ് ഭരിക്കുന്നത്.

66 സീറ്റുള്ള വൈഎസ്ആര്‍സിപിയാണ് ആന്ധ്രയിലെ പ്രതിപക്ഷം. 3 നിയമസഭാ സീറ്റുകള്‍ മാത്രമേ ബിജെപിയ്ക്ക് ആന്ധ്രയിലുള്ളു. 32 നിയമസഭാ സീറ്റുള്ള സീക്കിമില്‍ 23 സീറ്റ് കൈവശമുള്ള സിക്കീം ഡെമോക്രാറ്റിക് ഫ്രണ്ടിനെ പ്രതിപക്ഷമായ എസ്‌കെഎമ്മിനെ കൂട്ടുപിടിച്ച് താഴെയിടാനുള്ള തന്ത്രങ്ങളാണ് ബിജെപി ഇത്തവണ മെനയുന്നത്.

147 സീറ്റുള്ള ഒഡീഷയില്‍ 117 സീറ്റുമായി അധികാരത്തിലിരിക്കുന്ന ബിജെഡി ഇത്തവണയും മന്ത്രിസഭ രൂപീകരിക്കുമെന്ന പ്രതീക്ഷയിലാണ്.

കോണ്‍ഗ്രസിന് 16 സീറ്റും ബിജെപിയ്ക്ക് 10 സീറ്റുമാണ് ഒഢീഷയിലുള്ളത്. ഒഡീഷയില്‍ നാലു ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് പിന്നില്‍ മോദി സര്‍ക്കാരിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ആരോപണം. 60 നിയമസഭാ സീറ്റുള്ള അരുണാചല്‍ പ്രദേശില്‍ 48 സീറ്റുമായി ബിജെപിയാണ് അധികാരത്തില്‍.

5 സീറ്റുള്ള എന്‍പിപിയും 2 സീറ്റുമുള്ള ഐഎന്‍ഡിയും ബിജെപിയ്‌ക്കൊപ്പമാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസിന് 5 സീറ്റുകള്‍ മാത്രമാണ് അരുണാചലില്‍ ഉള്ളത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ-പാക് ഭിന്നത രൂക്ഷമായിരിക്കെ ജമ്മു കശ്മീരില്‍ ഇപ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രം മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തണമെന്ന കശ്മീരി നേതാക്കളുടെ ആവശ്യം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രം പ്രഖ്യാപിച്ചത്. കാശ്മീരില്‍ ആറു ലോകസഭാ സീറ്റുകളിലേക്ക് അഞ്ചു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News