പരാജയഭീതി: ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനും പിന്നാലെ സുധാകരനും പിന്‍മാറി; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്നും പ്രഖ്യാപിക്കില്ല

കൊച്ചി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്നും പ്രസിദ്ധീകരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഇന്നു ചേരുന്നത് സ്‌ക്രീനിങ് കമ്മിറ്റി ചര്‍ച്ച മാത്രമാണെന്നും ലിസ്റ്റ് പിന്നീടേ പ്രഖ്യാപിക്കാനാകുവെന്നും മുല്ലപ്പള്ളി പറഞ്ഞു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആണ് അന്തിമ തീരുമാനമെടുക്കുക.

അതേസമയം, മല്‍സരിക്കാനില്ലെന്ന് അറിയിക്കുന്ന നേതാക്കളുടെ എണ്ണം കൂടി. ഉമ്മന്‍ചാണ്ടിക്കും കെസി വേണുഗോപാലിനും പിറകെ കെ സുധാകരനും മല്‍സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കി.

മുല്ലപ്പള്ളിയും മല്‍സരിക്കാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എല്‍ഡിഎഫിന്റെ കരുത്തുറ്റ സ്ഥാനാര്‍ഥിനിരയെ നേരിടാന്‍ പാകത്തിലുള്ളതല്ല തയ്യാറാക്കിയിട്ടുള്ള ലിസ്റ്റെന്നും പരാജയഭീതിയാണ് നേതാക്കള്‍ മല്‍സരരംഗത്ത്നിന്ന് പിന്‍മാറാന്‍ കാരണമെന്നും പറയുന്നു. മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന നേതാക്കള്‍ ആവര്‍ത്തിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

ഇന്നത്തെ സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷം നാളെ അഹമ്മദാബാദില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗവും ചേരും. പട്ടിക സംബന്ധിച്ച തീരുമാനം 15നോ 16നോ ആയിരിക്കും വരിക. നിലവില്‍ തയ്യാറാക്കിയ പട്ടികയില്‍ പലയിടത്തും മുതിര്‍ന്ന നേതാക്കളുടെ പേര് ഉള്‍പ്പെടുത്തിയിട്ടിട്ടുണ്ട്.

കോട്ടയം സീറ്റില്‍ മത്സരിക്കാനുള്ള പിജെ ജോസഫിന്റെ ശക്തമായ സമ്മര്‍ദത്തിന് കെഎം മാണി വഴങ്ങുമെന്ന് മനസിലാക്കിയതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ പിന്‍മാറ്റം.

മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല എന്നിവരാണ് സ്‌ക്രീനിങ് കമ്മിറ്റിയില്‍ പങ്കെടുക്കേണ്ടത്. കെസി വേണുഗോപാലും ക്ഷണിതാക്കളായി എ കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിവരും പങ്കെടുക്കും. മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, പിസി ചാക്കോ, പിജെ കുര്യന്‍, ബന്നി ബഹനാന്‍, വിഡി സതീശന്‍ എന്നിവരും പങ്കെടുത്തേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here