താന്‍ ചില സത്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ ചിലരൊക്കെ വെള്ളം കുടിക്കും എന്ന മുന്നറിയിപ്പുമായി അഡാര്‍ താരം പ്രിയ വാര്യര്‍. നടിയുടെ ഈ മുന്നറിയിപ്പ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ്.

പ്രിയ പറയുന്നു:

‘സത്യങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ചിലര്‍ വെള്ളം കുടിക്കും. പിന്നെ എന്തിനാണ് മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കുന്നത് എന്നു കരുതി മൗനം പാലിക്കുന്നുവെന്നേയുള്ളൂ. കാരണം കര്‍മ്മ എന്നൊന്നുണ്ട്. അത് എന്നായാലും സത്യങ്ങള്‍ പുറത്തു കൊണ്ടുവരുക തന്നെ ചെയ്യും.ആ സമയം ഒട്ടും ദൂരെയുമല്ല.’

ഒരു അഡാര്‍ ലവ് ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും ട്രോളുകളും അവസാനിക്കാത്ത സാഹചര്യത്തിലാണ് പ്രിയയുടെ മുന്നറിയിപ്പ്.

പുതുമുഖങ്ങളെ മാത്രം വച്ച് ഒമര്‍ ലുലു സംവിധാനം നിര്‍വഹിച്ച ഒരു അഡാര്‍ ലവ് എന്ന സിനിമയില്‍ പ്രിയ വാര്യരും റോഷനും ആണ് നായികാ നായകന്‍മാരായി എത്തിയത്. മാണിക്യ മലരായ പൂവി എന്ന ചിത്രത്തിലെ പാട്ടിലെ കണ്ണിറുക്കല്‍ രംഗങ്ങള്‍ പ്രിയയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കി. ചിത്രം റിലീസിനെത്തും മുമ്പെ പ്രിയ ബോളിവുഡിലും ചുവടു വെച്ചു.

ചിത്രം പിന്നീട് തീയേറ്ററുകളിലെത്തിയ ശേഷമാണ് അടാര്‍ ലവിലെ മറ്റൊരു പ്രധാന നായിക കഥാപാത്രം അവതരിപ്പിച്ച നൂറിന്‍ ഷെരീഫിനെ ആളുകള്‍ തിരിച്ചറിഞ്ഞു പോലും തുടങ്ങിയത്. പിന്നീട് പ്രേക്ഷകര്‍ പ്രിയയെ ഉപേക്ഷിച്ച് നൂറിനു ഒപ്പമായി. നുറിനെ പ്രശംസകള്‍ കൊണ്ട് മൂടി. പിന്നീട് നൂറിനും പ്രിയയും തമ്മിലുള്ള ബന്ധത്തില്‍ പോലും വിള്ളല്‍ വന്നു എന്നു തോന്നിപ്പിക്കും വിധത്തില്‍ നൂറിന്‍ പ്രതികരിച്ചു.

നൂറിന്‍ പറഞ്ഞത് ചിത്രത്തിന്റെ റിലീസിനു മുമ്പ് പ്രിയയ്ക്കും റോഷനും ലഭിച്ച പ്രശസ്തിയും അംഗീകാരങ്ങളും ഒക്കെ തന്നെ വിഷമിപ്പിച്ചു എന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിയെന്നുമായിരുന്നു. അടുത്തയിടെ കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഒമര്‍ ലുലു വികാരാധീനനായി സംസാരിച്ചതും ചര്‍ച്ചയായിരുന്നു.

റോഷന്‍ നൂറിനൊപ്പം അഭിനയിക്കില്ലെന്നും അഭിമുഖങ്ങളിലൊന്നും പങ്കെടുക്കില്ലെന്നും തന്നോടു പറഞ്ഞിട്ടുണ്ടെന്നും പ്രിയ വാര്യരുമായും ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്നും കെെരളി ടിവിയിലെ ജെബി ജംഗ്ഷനിലെ അഭിമുഖത്തിനിടയില്‍ നൂറിനും വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രിയ വികാരാധീനയായി തന്റെ ഭാഗം വ്യക്തമാക്കിയത്.