സൗദിയില്‍ വന്‍ റെയ്ഡ് തുടരുന്നു; 27 ലക്ഷത്തോളം പ്രവാസികള്‍ പിടിയില്‍

അനധികൃത താമസക്കാര്‍ക്കായി സൗദിയില്‍ നടക്കുന്ന റെയ്ഡില്‍ പതിനാറു മാസത്തിനിടെ 27,48,020 വിദേശികള്‍ പിടിയില്‍.

ഇതില്‍ 21,41,312 പേര്‍ ഇഖാമ നിയമ ലംഘകരും 4,20,668 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. 1,86,040 പേര്‍ രാജ്യത്തേക്ക് നുഴഞ്ഞു കയറിയതിനാണ് പിടിയിലായത്.

2017 നവംബര്‍ 15 മുതല്‍ 2019 മാര്‍ച്ച് ഏഴു വരെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പേര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പിനു ശേഷമാണ് അനധികൃത തൊഴിലാളികള്‍ക്കായി രാജ്യ വ്യാപക റെയ്ഡ് തുടങ്ങിയത്.

പിടിയിലായവരില്‍ 6,94,150 വിദേശികളെ നാടു കടത്തി. മറ്റുള്ളവരെയും നാടുകടത്താനുള്ള നടപടി പുരോഗമിക്കുന്നു. ഇതില്‍ 4,67,590 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനായി നടപടി സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

4,14,962 പേര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചു. യാത്രാ രേഖകളും തിരിച്ചറിയല്‍ രേഖകളുമില്ലാത്ത 3,75,392 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ക്കായി എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തതായും മന്ത്രാലയം അറിയിച്ചു.

ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസ, യാത്രാ സൗകര്യങ്ങളും മറ്റു സഹായ സൗകര്യങ്ങളും ചെയ്തു കൊടുത്തതിന് 3460 വിദേശികളെ ശിക്ഷക്കുശേഷം നാടുകടത്തി.

അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് നിയമ ലംഘകര്‍ക്ക് ആവശ്യമായ സഹായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നവര്‍ക്ക് തടവും പിഴയും നാടു കടത്തലുമാണ് ശിക്ഷ. നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് 1129 സൗദികളും പിടിയിലായി. ഇക്കൂട്ടത്തില്‍ 1097 പേര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചു.

അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞു കയറുന്നതിനിടെ 46,856 പേരും പിടിയിലായി. അനധികൃത രീതിയില്‍ വിദേശങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച 1954 പേരെയും പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel