മുംബൈ അന്ധേരിക്കടുത്ത് സാകിനാക്കയിൽ താമസിക്കുന്ന വ്യവസായിയാണ് മുടി പറിച്ചു നടൽ പൂർത്തിയാക്കി 50 മണിക്കൂറിനകം മരണമടഞ്ഞത്.

ഈ ചികിത്സാ സമ്പ്രദായത്തോട് ജനങ്ങൾക്കുള്ള വിശ്വാസമാണ് ഈ സംഭവത്തോടെ നഷ്ടപ്പെട്ടിരിക്കുന്നത്. മരണകാരണം ഇനിയും വ്യക്തമല്ലെങ്കിലും ശക്തമായ അലർജി മൂലമാകാം മരണമെന്ന നിഗമനത്തിലാണ് വിദഗ്ധ ഡോക്ടർമാർ.

മുടി പറിച്ചു നടലിനു ശേഷമുണ്ടായ ശ്വാസതടസ്സത്തെ തുടർന്നാണ് പവായ് ഹീനരാനന്ദനി ഹോസ്പിറ്റലിൽ ശ്രാവൺ കുമാർ ചൗധരി ചികിത്സ തേടുന്നത്.

മുഖത്തും തൊണ്ടയിലും നീർക്കെട്ട് അനുഭവപെട്ടതിനെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് ദ്രുതഗതിയിൽ ഉണ്ടാവുന്ന മാരകമായ അനാഫൈലക്സിസ് അലർജി പ്രക്രിയയാകാം കാരണമെന്ന് കണ്ടെത്തിയത്.

തുടർന്ന് പെട്ടെന്നു സംഭവിച്ച ശാരീരിക മാറ്റങ്ങൾ ഉണ്ടാക്കിയ മാനസിക പിരിമുറുക്കം മൂലമുണ്ടായ ശ്വാസതടസ്സം മൂർച്ഛിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തടയാൻ കാർഡിയോളോജിസ്റ്റിനെ വിളിച്ചെങ്കിലും ചൗധരിയെ രക്ഷിക്കാനായില്ല.

ഏകദേശം പതിനായിരത്തോളം തലമുടിയാണ് ഗ്രാഫ്റ്റ് സമ്പ്രദായ രീതിയിൽ പറിച്ചു നട്ടത്. ഇതിനായി 15 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വേണ്ടി വന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.