സത്യന്റെ ജീവിത കഥയുടെ അവകാശം ആർക്കാണ്?; ഒരു തകർന്ന സിനിമാ സ്വപ്നത്തിന്റെ കഥ

അനശ്വര നടൻ സത്യന്റെ ജീവിതകഥ സിനിമയാക്കാനുള്ള ജോലികളിലായിരുന്നു പ്രശസ്ത കഥാകൃത്ത് വിനു എബ്രഹാം. എന്നാൽ ആ സ്വപ്നം തകർന്നതിന്റെ സങ്കടത്തിലാണ് ഇപ്പോൾ കഥാകാരൻ.
സത്യനെക്കുറിച്ചുള്ള സിനിമയ്ക്ക് എന്താണ് സംഭവിച്ചത്?

വിനു എബ്രഹാം എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം:

“പ്രിയപ്പെട്ട കൂട്ടുകാരേ, ഇവിടെ പലപ്പോഴും എന്റെ കലാജീവിതത്തിലെ നേട്ടങ്ങളും സന്തോഷങ്ങളും ആണ് ഞാൻ പങ്കു വയ്ക്കാറുള്ളത്.എന്നാൽ ഇത് ആദ്യമായി എന്റെ കലാജീവിതത്തിലെ ഒരു ചരിത്ര നഷ്ടത്തിന്റെ കഥ ഇവിടെ പങ്കു വയ്ക്കുന്നു.

ഓർമ്മ വച്ച നാൾ മുതൽ മലയാള സിനിമയും അതിലെ നടന്മാരും എന്റെ കൂടെ ഉണ്ടായിരുന്നു.സത്യൻ,നസിർ, മധു,ഷീല,ജയഭാരതി,ശാരദ,വിജയശ്രീ..അങ്ങനെ.അന്നേ സിനിമനോട്ടീസുകൾ ശേഖരിക്കുന്ന ശീലത്തിലൂടെ മലയാള സിനിമയുടെ ചരിത്രവും എനിക്കൊപ്പം ഉണ്ടായിരുന്നു.അങ്ങനെയാവണം ഞാൻ നഷ്ടനായിക നോവൽ എഴുതിയതും അത് സെല്ലുലോയ്ഡ് സിനിമയാകുന്നതും ഒക്കെ.

പിന്നെപ്പോഴോ സത്യൻ മാഷിന്റെ ജീവിതവും സിനിമകളും ഒക്കെ സൂക്ഷ്മം ആയി പഠിക്കാൻ തുടങ്ങിയപ്പോഴാണ്, അതെന്നെ വല്ലാതെ അമ്പരപ്പിച്ചത്.

ഒന്നല്ല ആ ജീവിതം 5 സിനിമകൾ കൊണ്ടും പറഞ്ഞു തീർക്കാൻ പറ്റാത്തതാണ് എന്നു മനസ്സിലായത്.എന്തായാലും എന്നെങ്കിലും സത്യന്റെ ജീവിതകഥ എനിക്ക് സിനിമ ആക്കേണ്ടതാണ് എന്നു ഏറെ ആഗ്രഹിച്ചു.അതിലേക്കു അദ്ദേഹത്തെക്കുറിച്ചു കിട്ടാവുന്ന ധാരാളം വിവരങ്ങൾ ശേഖരിച്ചു.

അങ്ങനെ ഇരിക്കയെയാണ് നാലഞ്ചു മാസങ്ങൾക്കു അപ്പുറം, മലയാളസിനിമയിൽ ഇന്ന് ഏറ്റവും സജീവമായി മുൻനിരയിൽ നിൽക്കുന്നവരിൽ ഒരാളും മികച്ച സിനിമ കളുടെ ഒരു വൻ നിര തന്നെ സ്വന്തം ആയി ഉള്ളയാളും ആയ ഒരു സംവിധായക സുഹൃത്ത് സത്യൻ മാഷിനെ കുറിച്ചുള്ള ഒരു സിനിമക്കു എഴുതാമോ എന്നു എന്നോട് ആരായുന്നത്.

ഒരു സുവർണ്ണ നിമിഷം.പിന്നീട് അങ്ങോട്ടു കാര്യങ്ങൾ വേഗത്തിൽ ആയിരുന്നു.അനായാസം തിരക്കഥയുടെ ഒരു വിശദമായ വന്ലൈൻ ഞാൻ തയാറാക്കി.ഓസ്കാർ,കാൻ വേദികളിൽ മത്സരിക്കാൻ തക്ക നിലവാരത്തിലുള്ള ഒരു മഹത്തായ സിനിമയാണ് ഞങ്ങൾ സ്വപ്നം കണ്ടത്.

ഏകദേശം 10 കോടി രൂപ ബഡ്ജറ്റ് വരുന്ന ഒരു പ്രോജക്ട്.ഇന്നത്തെ നിലയിൽ അത്ര വലുത് അല്ലാത്ത ഒന്നു.മലയാളത്തിലെ ഒരു പ്രഗത്ഭ മുൻ നിര യുവ നടനെയാണ് സത്യന്റെ വേഷം ചെയ്യാൻ ആയി കണ്ടത്.

അടുത്ത പടി സത്യൻ മാഷിന്റെ ജീവിത കഥയുടെ റൈറ് അദ്ദേഹത്തിന്റെ അവകാശികളിൽ നിന്നു കരസ്ഥമാക്കുക എന്നതായിരുന്നു.

അതിനായി അവകാശിയുമായി വളരെ സന്തോഷകരം ആയ ആദ്യ ചർച്ച നടന്നു. തുടർന്ന് ഒരു നിര്മാണകമ്പനിയും എത്തിയതോടെ ഇതാ സിനിമ വേഗം തുടങ്ങും എന്ന അവസ്ഥ ആയി.

എന്നാൽ സത്യൻ മരിച്ചു 40 വർഷങ്ങൾ ആയി ആരും ശ്രമിക്കാത്ത ഈ പ്രോജക്ട് ചെയ്യാൻ അതോടെ വേറെ പലരും അവകാശികളെ സമീപിച്ചു തുടങ്ങി.ഇത്രയും ആയതോടെ റൈറ് തുക ഒരു തർക്കവിഷയം ആയി മാറുകയായിരുന്നു.

കൂടുതൽ തുക ആര് പ റയുന്നോ അവർക്ക് റൈറ് പോകുന്ന അവസ്ഥ ആയി.ഒടുവിൽ അങ്ങനെ തന്നെ കഴിഞ്ഞ ദിവസം സംഭവിച്ചു.ഞങ്ങളുടെ സ്വപ്ന സിനിമ മലയാളത്തിലെ ഒരു നിർമാതാവ് കരസ്ഥമാക്കി എന്നു അറിയുന്നു.

അറിയാം സിനിമയിൽ ഇതൊക്കെ സാധാരണം ആണ്.ആരേയും കുറ്റപ്പെടുത്താനും ഇല്ല.പക്ഷെ ഒരു കാര്യം പറയാൻ ഉണ്ട്. മലയാള സിനിമയുടെ ചരിത്രം എന്നത് എത്ര മാത്രം എന്റെ ഒരു വികാരം ആണെന്നത് നഷ്ടനായിക നോവലിലും സെല്ലുലോയ്ഡ് സിനിമയിലും നിങ്ങൾ കണ്ടത് ആണ്.

ആ നിലക്ക് അതിന്റയൊക്കെ എത്രയോ മടങ് ആണ് സത്യൻ സിനിമയിൽ ഞാനും സംവിധായക സുഹൃത്തും സ്വപ്നം കണ്ടതും അത് സഫലീകരിക്കാൻ ശ്രമിക്കുകയും ചെയ്യും എന്ന കാര്യം നിങ്ങൾ ശരി വക്കും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.അതിനാൽ ആ സ്വപ്നത്തിന്റെ തകർച്ചയുടെ കനത്ത സങ്കടം ഇവിടെ പങ്കു വക്കുന്നു എന്നു മാത്രം…”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News