കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചറുടെ വിജയം ഉറപ്പിക്കുമെന്ന് വനിതകളുടെ പ്രഖ്യാപനം.

ശ്രീമതി ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ പാര്‍ലമെന്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്കും തുടക്കമായി.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ വീണ്ടും ശ്രീമതി ടീച്ചറെ പാര്‍ലമെന്റില്‍ എത്തിക്കുമെന്നാണ് ആയിരക്കണക്കിന് വനിതകള്‍ ഏകസ്വരത്തില്‍ പ്രഖ്യാപിച്ചത്.

വനിതാ മതിലിന് ശേഷം കണ്ണൂര്‍ ജില്ല കണ്ട ഏറ്റവും വലിയ വനിതാ മുന്നേറ്റമായി മാറി ശ്രീമതി ടീച്ചറുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച വനിതാ പാര്‍ലിമെന്റ്.

മട്ടന്നൂരിലും ശ്രീകണ്ടപുരത്തും സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബ്രിന്ദ കാരാട്ട് വനിതാ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു.കണ്ണൂരിന്റെ വികസനത്തിന് ഒപ്പം കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തെ മുഴുവന്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ശ്രീമതി ടീച്ചര്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയതെന്ന് ബ്രിന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.

കണ്ണൂരിന്റെ വികസന നായിക പി കെ ശ്രീമതി ടീച്ചര്‍ക്ക് ആവേശകരമായ സ്വീകരണമാണ് വനിതാ പാര്‍ലമെന്റില്‍ ലഭിച്ചത്.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ അസംബ്ലി മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്കും തുടക്കമിട്ട് എല്‍ഡിഎഫ് പ്രചാരണത്തില്‍ ഏറെ മുന്നിലെത്തി.പേരാവൂര്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.