കെ.എസ്.എഫ്.ഇ. യുടെ കീഴില്‍ ആരംഭിച്ച പ്രവാസി ചിട്ടിക്ക് പ്രവാസ ലോകത്ത് വലിയ സ്വീകാര്യത ലഭിക്കുന്നതായി അധികൃതര്‍. 2018 നവംബര്‍ ആരംഭിച്ച കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടി നാല് മാസം കൊണ്ടുതന്നെ 5 കോടി 23 ലക്ഷം രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസ്സ് കൈവരിച്ചതായി കെ.എസ്.എഫ്.ഇ അധികൃതര്‍ അറിയിച്ചു.

പ്രവാസി മലയാളികളുടെ നിക്ഷേപ പദ്ധതികള്‍ക്ക് പുതിയ ദിശാ ബോധം നല്‍കിയാണ് 2018 നവംബര്‍ ഇരുപത്തി മൂന്നിന് പ്രവാസി ചിട്ടിക്ക് തുടക്കമായത്. പ്രതിമാസം ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണ് പ്രവാസി ചിട്ടിയിലുള്ളത്.

കെ.വൈ.സി പ്രക്രിയകളും ചിട്ടി രജിസ്‌ട്രേഷനും പണമടയ്ക്കലും, ലേലം വിളിയും സെക്യൂരിറ്റി നല്‍കലുമൊക്കെ, ഓണ്‍ലൈനില്‍ കൂടി ആയതിനാല്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രവാസി ചിട്ടി പ്രവാസി മലയാളികള്‍ക്കിടയില്‍ സ്വീകാര്യത നേടി. ചിട്ടി ആരംഭിച്ചു നാല് മാസം കൊണ്ടുതന്നെ 5 കോടി 23 ലക്ഷം രൂപയുടെ പ്രതിമാസ ചിട്ടി ബിസിനസ്സ് കൈവരിക്കാന്‍ കഴിഞ്ഞതായി കെ.എസ്.എഫ്.ഇ അധികൃതര്‍ അറിയിച്ചു.

പ്രവാസികള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ, പൂര്‍ണമായും ഓണ്‍ലൈനില്‍ ഉള്ള പ്രവര്‍ത്തനം, 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ കാള്‍സെന്റര്‍ എന്നിവയാണ് പ്രവസിച്ചിട്ടിയെ വ്യത്യസ്തമാക്കുന്നത് . ചിട്ടിവഴി സമാഹരിക്കുന്ന തുക കിഫ്ബി വഴി കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ലഭ്യമാക്കാനും കഴിയുന്നു.

ഇപ്പോള്‍ യു.എ.ഇ.ക്ക് പുറമെ ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്കും പ്രവാസി ചിട്ടിയില്‍ ചേരാന്‍ കഴിയുമെന്നും വൈകാതെ തന്നെ പ്രവാസി ചിട്ടി ആഗോളമലയാളികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി കെ.എസ്.എഫ്.ഇ. മുന്നോട്ട് പോകുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഇതു വരെ 132 ചിട്ടികളിലായി 373 ചിട്ടിലേലങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിച്ചെന്നും ഇതുവരെ തുടങ്ങിയ ചിട്ടികളില്‍ നിന്നുമാത്രം 165 കോടിരൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു