മുംബൈ രാജ്യത്ത് മതേതര രാഷ്ട്രീയം വിജയം വരിക്കുമെന്നും ഇനിയൊരു 5 വര്‍ഷം കൂടി ബി ജെ പിയുടെ ദുര്‍ഭരണത്തെയും വര്‍ഗീയ വാഴ്ചയെയും സഹിക്കാന്‍ ജനങ്ങള്‍ക്കാവില്ലെന്നും ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ മുംബൈയില്‍ പറഞ്ഞു.
കേരളാ ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിലെയും നബാര്‍ഡിലെയും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തുവാന്‍ മുംബൈയിലെത്തിയതായിരുന്നു മന്ത്രിയും ബന്ധപ്പെട്ട കേരളാ സര്‍ക്കാര്‍ പ്രതിനിധി സംഘവും. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും സംതൃപ്തിയോടെയാണ് മടങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രളയക്കെടുതിക്കും ശബരിമല സുപ്രീം കോടതി വിധിക്കും ശേഷം കേരളം അഭിമുഖീകരിക്കുന്ന തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോഴാണ് നല്ല ആത്മ വിശ്വാസത്തോടെയാണ് സര്‍ക്കാര്‍ ഇക്കുറി ജനങ്ങളെ സമീപിക്കുന്നതെന്ന് കടകംപിളളി പ്രതികരിച്ചത്. ജീവിതാവശ്യങ്ങളോട് ക്രിയാത്മകമായി ഇടപെടുകയും ഫലപ്രദമായി പ്രവര്‍ത്തിക്കുകയും ചെയ്ത സര്‍ക്കാരാണ് കേരളത്തില്‍ നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ജനപക്ഷ സര്‍ക്കാരിന് അനുകൂലമായി ജനങ്ങള്‍ വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1000 ദിവസം പൂത്തിയാക്കിയ പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാകും ഈ തിരഞ്ഞെടുപ്പെന്നും മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here